ആയംകടവ്: ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യുന്ന ആയംകടവ് പാലത്തിന്റെ സ്വാഗതകമാനത്തിലെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യുടെ ചിത്രം ചുവന്ന ചായംതേച്ച് മറച്ചതായി പരാതി. പെരിയ ബസാറിൽ ആയംകടവ് റോഡിലാണ് കമാനം സ്ഥാപിച്ചിരുന്നത്. കമാനത്തിന്റെ ഒരുഭാഗത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ എന്നിവരുടെ ചിത്രവും മറുഭാഗത്ത് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., കെ.കുഞ്ഞിരാമൻ എം.എൽ.എ. എന്നിവരുടെ ചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചിരുന്നത്. ഇതിൽ എം.പി.യുടെ ചിത്രം മാത്രമാണ് മറച്ചനിലയിലുള്ളത്.
സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചു. എം.പി.യുടെ ജനകീയതയിൽ വിറളിപൂണ്ടവരാണ് ഇതിന് പിന്നിലെന്ന് ബേഡഡുക്ക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ജനഹൃദയങ്ങളിൽനിന്ന് തന്റെ മുഖം വികൃതമാക്കാനാകില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഫെയ്സ് ബുക്കിൽ കുറിച്ചു. സമൂഹവിരുദ്ധരാണ് എം.പി.യുടെ ഫോട്ടോ മറച്ചതെന്നും സി.പി.എമ്മിന് സംഭവവുമായി ബന്ധമില്ലെന്നും കെ.കുഞ്ഞിരാമൻ എം.എൽ.എ. പറഞ്ഞു. പാർട്ടിക്കാർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് തന്റെ നിർദേശപ്രകാരം രണ്ട് കമാനങ്ങൾ സ്ഥാപിച്ചതെന്നും വികൃതമാക്കിയ ഭാഗത്തെ ചിത്രങ്ങൾ നീക്കാൻ നിർദേശിച്ചുവെന്നും അദ്ദേഹം അറിയിച്ചു.