കാഞ്ഞങ്ങാട്: തീരദേശവാസികളുടെ ദീർഘനാളത്തെ സ്വപ്നസാക്ഷാത്കാരമായി കുശാൽനഗറിൽ റെയിൽവേ മേൽപ്പാലം വരുന്നു. മേൽപ്പാല നിർമാണത്തിനായി 34.71 കോടി രൂപയുടെ നിർമാണാനുമതി കിഫ്ബി യോഗത്തിൽ നൽകിയതായി മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഓഫീസ് അറിയിച്ചു.

444 മീറ്റർ നീളത്തിൽ നിർമിക്കുന്ന മേൽപ്പാലത്തിൽ രണ്ടുവരി ഗതാഗതസൗകര്യവും നടപ്പാതയും ഉണ്ടാകും. നിർമാണത്തിനായി നിലവിലുള്ള സ്ഥലത്തിനുപുറമെ 148 സെന്റ് ഭൂമിയും ഒൻപത് കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടിവരും. നിർമാണപദ്ധതിയിൽ സ്ഥലമേറ്റടുക്കുന്നതിനായി 13.4 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റെയിൽവേയുടെ ഭാഗത്തുള്ള നിർമാണത്തിനായി 5.4 കോടിയും മറ്റുഭാഗങ്ങളുടെ നിർമാണത്തിനായി 14.45 കോടിയുമാണ് വകയിരുത്തിയത്. അനുബന്ധ പ്രവൃത്തികളായ വൈദ്യുതി, ടെലിഫോൺ ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനും നിർമാണത്തുകയുണ്ട്.

തീരദേശത്തെ യാത്രാക്കുരുക്ക് ഒഴിയും

കോട്ടച്ചേരി മേൽപ്പാല നിർമാണത്തിനോടൊപ്പം കുശാൽനഗർ മേൽപ്പാലവും അനുവദിച്ചത് തീരദേശവാസികൾക്ക് കിട്ടിയ ഇരട്ടഭാഗ്യമാണ്. കുശാൽനഗർ മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ ഒട്ടേറെ വിദ്യാർഥികൾ പഠിക്കുന്ന സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജ് ഉൾപ്പെടെ റെയിൽപ്പാളത്തിന്‌ പടിഞ്ഞാറുഭാഗത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ പാളത്തിൽ കുരുങ്ങിയുള്ള യാത്രയ്ക്ക് വിരാമമാകും.

കുശാൽനാഗർ, ഞാണിക്കടവ്, കല്ലൂരാവി, പുഞ്ചാവി, ഒഴിഞ്ഞവളപ്പ് പ്രദേശത്തുള്ളവർക്ക് പാലം വലിയ ആശ്വാസമാകും. മേൽപ്പാലത്തിന്റെ ഭാഗമായി കുശാൽനഗർ ശവപ്പറമ്പ് റോഡിൽ മന്ത്രി ഇ.ചന്ദ്രശേഖരന്റെ എ.എൽ.എ. പദ്ധതിയിൽ 7.57 കോടിയുടെ റോഡ് നവീകരണവും തുടങ്ങിയിട്ടുണ്ട്. നീലേശ്വരം ഭാഗത്തേക്ക് തീരദേശംവഴി തടസ്സമില്ലാത്ത ഒരു സമാന്തരപാതയാണ് പാലം വരുന്നതോടെ യാഥാർഥ്യമാകുന്നത്. ഇരുപാലങ്ങളും വരുന്നതോടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് തെക്കും വടക്കുമുള്ള ലെവൽക്രോസുകൾ ഒഴിവാകും. ഇപ്പോൾ ദിവസവും ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് രണ്ട്‌ ലവൽക്രോസുകളിലും കുരുങ്ങിക്കിടക്കുന്നത്. വടക്കുഭാഗത്തായി നിർമാണംതുടങ്ങിയ കോട്ടച്ചേരി മേൽപ്പാലം ഏപ്രിലോടെ തുറുന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.

content highlights; 35 crore sanctioned for kushalnagar railway overbridge