തൃക്കരിപ്പൂർ : കോവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ ഹോട്ടലുടമകളെ സഹായിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഹോട്ടൽ ആൻഡ്‌ റസ്റ്റാറന്റ്‌ അസോസിയേഷൻ ആവശ്യപ്പെട്ടു. ഹോട്ടലുകൾക്ക് പഞ്ചായത്ത് ലൈസൻസ് ഫീസ്‌, തൊഴിൽനികുതി എന്നിവ പൂർണമായും ഒഴിവാക്കുക, വൈദ്യുതി, ഗ്യാസ് എന്നിവ സബ്സിഡിയിലോ സൗജന്യനിരക്കിലോ അനുവദിക്കുക, 200 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് വൈദ്യുതിനിരക്ക് കുറയ്ക്കുക, വെള്ളം പരിശോധനാലാബ് തൃക്കരിപ്പൂരിൽ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അസോസിയേഷന്റെ ജില്ലയിലെ മെമ്പർഷിപ്പ് വിതരണോദ്ഘാടനവും തൃക്കരിപ്പൂരിൽ നടന്നു. സംസ്ഥാന ഖജാൻജി ബാലകൃഷ്ണപൊതുവാൾ നിർവഹിച്ചു. ജില്ലാ പ്രസിഡൻറ് താജ് അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാരായണ പൂജാരി, കെ.വി. ലക്ഷ്മണൻ, സി.എച്ച്. അബ്ദുൾ റഹീം, രാജൻ കളക്കര, യു. രഘുവീര, റഫീക് ബെത്തൊൻ, പ്രകാശൻ നടക്കാവ്, വിജയൻ മധുരംകൈ, മുഹമ്മദ് ഗസലി എന്നിവർ സംസാരിച്ചു.