ഉദുമ : കൊണ്ടോട്ടി സ്വദേശി അൻവറിനെ (30) തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ ബേക്കൽ പോലീസ് അറസ്റ്റ്‌ ചെയ്തു. പള്ളിക്കര പൂച്ചക്കാട് സ്വദേശി താജു (താജുദ്ദീൻ-35) വിനെയാണ് ബേക്കൽ ഡിവൈ.എസ്.പി. സി.കെ. സുനിൽ കുമാറും സംഘവും വ്യാഴാഴ്ച രാത്രി അറസ്റ്റ്‌ ചെയ്തത്. താജു നേരത്തെ പൂച്ചക്കാട് ഒരു റസ്റ്റോറന്റ് നടത്തിയിരുന്നു. ഈ സ്ഥാപനം രാത്രി അസമയത്തും തുറന്ന് പ്രവർത്തിച്ചതിനെ തുടർന്ന് ബേക്കൽ പോലീസ് അടപ്പിക്കുകയായിരുന്നു.

ഉദുമ പഞ്ചായത്ത് കാര്യാലയത്തിന് എതിർവശത്തുള്ള കോടംകൈ ലോഡ്ജിൽനിന്നാണ് വ്യാഴാഴ്ച പുലർച്ചെ അൻവറിന്‍റെ കാറിൽതന്നെ യുവാവിനെ 12 അംഗ സംഘം കർണാടകയിലേക്ക് തട്ടിക്കൊണ്ടുപോയത്. കേരള-കർണാടക പോലീസ് പിന്തുടർന്നതോടെ ഹാസൻ സ്റ്റേഷൻ പരിധിയിൽ യുവാവിനെയും വാഹനവും സംഘം ഉപേക്ഷിച്ചു. അൻവറിന്‍റെ കൈവശം ധാരാളം പണം ഉണ്ടാകുമെന്ന്‌ തെറ്റിദ്ധരിച്ചാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ബാർബർ ഷോപ്പുകളിലെ മുടി ശേഖരിക്കുന്നതിനാണ് അൻവറും രണ്ട് കൂട്ടുകാരും കാറിൽ ഉദുമയിൽ എത്തിയത്. 8000 രൂപയും രണ്ട്‌ ഫോണും പിടിച്ചുപറിക്കുകയും ചെയ്തു. തുടർന്ന് നാസർ ബേക്കൽ പോലീസിൽ പരാതി നൽകി. തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോയ ആളെയും വാഹനവും കിട്ടിയിരുന്നു. എന്നാൽ പ്രതികളെല്ലാം രക്ഷപ്പെട്ടിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി രൂപവത്കരിച്ച സംഘത്തിൽ ഡിവൈ.എസ്.പി.ക്ക് പുറമേ ബേക്കൽ സി.ഐ. പി. രാജേഷ്, എ.എസ്‌.ഐ. പ്രസാദ്, സി.പി. ബിജു, ഹരീഷ്, റോജൻ എന്നിവരാണുള്ളത്.