കാഞ്ഞങ്ങാട് : ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ. ഹൊസ്ദുർഗ് ഉപജില്ലാ കമ്മറ്റി 45 കേന്ദ്രങ്ങളിൽ ധർണ നടത്തി.

പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്രവിഹിതം വർധിപ്പിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഹൊസ്ദുർഗ് ഡി.ഇ.ഒ. ഓഫീസിനു മുന്നിൽ നടന്ന ഉപജില്ലാതല ഉദ്ഘാടനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.രാജേഷ് നിർവഹിച്ചു.

വി.കെ.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പി.പി.കമല, സി.ശാരദ, കെ.വി.രാജൻ, പി.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

കോട്ടച്ചേരിയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.ശ്രീകലയും തായന്നൂരിൽ ജില്ലാ നിർവാഹകസമിതി അംഗം പി.മോഹനനും ഉദ്‌ഘാടനം ചെയ്തു.

കക്കാട്ട് ജില്ലാ നിർവാഹക സമിതിയംഗം കെ.ലളിതയും അമ്പലത്തറയിൽ ജില്ലാ കമ്മിറ്റിയംഗം രാജേഷ് സ്കറിയയും പനത്തടിയിൽ ഉപജില്ലാ ഖജാൻജി ബാബുരാജും നീലേശ്വരത്ത് ഉപജില്ലാ വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണനും സമരം ഉദ്ഘാടനം ചെയ്തു.