കുമ്പള : പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ജി.എച്ച്.എസ്.സ്കൂൾ മതിലിനോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്നത് സ്കൂൾ പ്രവർത്തനത്തിന് തടസ്സമാവുന്നു.

സ്കൂൾ മൈതാനത്തിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ സമൂഹവിരുദ്ധരുടെ കേന്ദ്രമായി മാറി. ലോറി, കാർ, ഓട്ടോ, തോണി, ടെബോ തുടങ്ങി നിരവധി വാഹനങ്ങളാണ് സ്കൂൾ പരിസരത്ത് അലക്ഷ്യമായി ഇട്ടിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങളിൽ പലതിലും തൊണ്ടിമുതലായി പൂഴി​യാണുള്ളത്‌.

തോണിയിൽ വെള്ളം നിറഞ്ഞ് കൊതുകുകൾ പെരുകുന്നുമുണ്ട്.

നിരവധി യോഗങ്ങളിൽ പി.ടി.എ. അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. മൈതാനത്തിന്റെ ഒരുഭാഗത്തുകൂടെ വാഹനങ്ങൾ കടന്നുപോകുന്നതും പ്രശ്നമാവുന്നുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളിൽ പുല്ലും മരങ്ങളും പടന്ന്‌ പിടിച്ചിട്ടുണ്ട്‌

പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങൾ സമൂഹവിരുദ്ധ കേന്ദ്രം

:മൈതാനത്തോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിന്റെ പൊട്ടിപ്പൊളിഞ്ഞ രണ്ട് കെട്ടിടങ്ങളും സമൂഹവിരുദ്ധരുടെ കേന്ദ്രമാണ്. സ്കൂൾ പ്രവർത്തിക്കുമ്പോൾ ക്ലാസ്‌ ശല്യപ്പെടുത്തുന്ന സാഹചര്യംവരെ ഉണ്ടായിട്ടുണ്ട്. പെൺകുട്ടികൾക്ക് ഇത് വലിയ പ്രശ്നമുണ്ടാകുന്നുമുണ്ട്. നേരത്തെ മുഖ്യമന്ത്രി കുമ്പളയിൽ എത്തിയപ്പോൾ പി.ടി.എ. നേരിട്ട് നിവേദനം നൽകിയിരുന്നു. തുടർന്ന് കുമ്പള പോലീസ് സ്റ്റേഷനിൽനിന്ന് സ്കൂൾ അധികൃതരെ വിളിപ്പിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ഈ അധ്യയനവർഷം സ്കൂൾ തുറക്കുമ്പോഴെങ്കിലും ഇത് പരിഹരിക്കണമെന്നാണ് കുട്ടികളുടെയും പി.ടി.എ.യുടെയും ആവശ്യം.