പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ തുലാപ്പത്തിനോടാനുബന്ധിച്ച പത്താമുദയം സമാപിച്ചു. ചൊവ്വാഴ്ച രാത്രി ആരംഭിച്ച ചടങ്ങുകൾ ബുധനാഴ്ച ഉച്ചവരെ നീണ്ടു. പത്താമുദായം എഴുന്നള്ളത്തിന്‍റെ ഭാഗമായി കെട്ടിച്ചുറ്റിയ നർത്തകന്മാരുടെ 'കാലാങ്ങം' കാണാൻ വിശ്വാസികൾ ക്ഷേത്രത്തിലെത്തി.

ഉച്ചകഴിഞ്ഞ് ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ സമാപിച്ചു. കോവിഡ് നിബന്ധനയെത്തുടർന്ന്‌ സമൂഹ പുത്തരിസദ്യ ഒഴിവാക്കിയിരുന്നു.

ബേത്തൂർപാറ : ധാന്യ സമൃദ്ധിയുടെ ഉത്സവമായ പത്താമുദയം ഗ്രാമീണ മേഖലയിൽ ആഘോഷപൂർവം നടന്നു. ബേത്തൂർപാറ കോമാളി കരിംചാമുണ്ഡിക്കാവിൽ നിറതിരി വിളക്കിനുമുമ്പിൽ കലശവും കാവൂട്ടും നടന്നു. എച്ച്.കൈക്കളൻ കാർമികത്വം വഹിച്ചു.

അമ ചാമുണ്ഡിക്കാവിൽ കലശവും കാലിച്ചാൻ മരക്കാവിൽ കാലിച്ചാനൂട്ടും നടന്നു. എം.കൃഷ്ണൻ മണിയാണി കാർമികത്വം വഹിച്ചു. കാവിന്റെ കന്നിമൂലയിൽ അടുപ്പൊരുക്കി ഉണക്കലരിപ്പായസമുണ്ടാക്കി കാഞ്ഞിരയിലയിൽ വിളമ്പി നിവേദിക്കുന്ന ചടങ്ങാണിത്. കുറ്റിക്കോൽ വെള്ളിയടുക്കം ബേത്തൂർ തറവാട്ടിൽ കുറത്തിയമ്മയ്ക്ക് പുത്തരി നൽകി.തുലാം പത്ത് തെയ്യക്കോലങ്ങളുടെ തുടക്കംകൂടിയാണ്. ആരാധനമൂർത്തികളായ പരദൈവങ്ങൾ കർഷകന്റെ കണ്ണീരൊപ്പാൻ തുലാം പത്തുമുതൽ നാടിറങ്ങുമെന്നാണ് ഐതിഹ്യം.