കാഞ്ഞങ്ങാട് : ഒന്നര കോടിയുടെ ആസ്പത്രി കെട്ടിടം തുറക്കുന്നത് 'ലിഫ്റ്റിൽ കുരുങ്ങി' മുടങ്ങിക്കിടക്കുന്നു. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി വളപ്പിൽ ആർദ്രം പദ്ധതിയിൽ ഒന്നര കോടിയോളം ചെലവഴിച്ച് നിർമിച്ച അഞ്ചുനില കെട്ടിടമാണ് ലിഫ്റ്റ് നിർമാണത്തിലെ അപാകം കാരണം ഉദ്ഘാടനംചെയ്യാനാവാതെ കിടക്കുന്നത്. 12 പേർക്ക് കയറാനുള്ള ലിഫ്റ്റ് സൗകര്യമാണ് കെട്ടിടത്തിൽ ഒരുക്കിയത്. അഗ്നിരക്ഷാസേനയുടെ മാനദണ്ഡമനുസരിച്ച് കെട്ടിടത്തിൽ 15പേരെ കൊള്ളാവുന്ന ലിഫ്റ്റ്‌ നിർബന്ധമാണ്. കൂടാതെ ലിഫ്റ്റിനെ വലംവെച്ചാണ് കെട്ടിടത്തിൽ ഗോവണിപ്പടി നിർമിച്ചത്. സുരക്ഷാ മാനദണ്ഡമുനുസരിച്ച് അത് അനുവദനീയമല്ല.

നിർമാണത്തിൽ ചൂണ്ടിക്കാട്ടിയ രണ്ട് അപാകങ്ങളും പരിഹരിച്ചുകഴിഞ്ഞ് മാത്രമേ കെട്ടിടത്തിന് നിയമപ്രകാരമുള്ള ലൈസൻസ് ലഭിക്കുകയുള്ളൂ. കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് ഗോവണിപ്പടികളും റാമ്പ് സൗകര്യവും ഉണ്ടെങ്കിലും 'സുരക്ഷിതത്വ കുരുക്ക്' കെട്ടഴിയതെ കെട്ടിടം തുറക്കാൻപറ്റാത്ത സ്ഥിതിയാണ്.

ജില്ലാ ആസ്പത്രി സ്ഥലസൗകര്യമില്ലാതെ വീർപ്പുമുട്ടുമ്പോഴാണ് ആസ്പത്രി വളപ്പിൽ രണ്ടുവർഷം മുൻപ് പൂർത്തിയായ 'പുത്തൻ' അഞ്ചുനില കെട്ടിടം പൊടിപിടിച്ചുകൊണ്ടിരിക്കുന്നത്. 2017-ൽ ആർദ്രം പദ്ധതിയിൽ നിർമാണം തുടങ്ങിയ കെട്ടിടം രണ്ടുവർഷംകൊണ്ട് ഒരുങ്ങിയിരുന്നു. പണി പൂർത്തിയായ കെട്ടിടത്തിൽ വൈദ്യുതീകരണം നടക്കാത്തതാണ് തുടക്കത്തിൽ തടസ്സമായി പറഞ്ഞത്. ലോക്ഡൗണിൽ പണി തടസ്സപ്പെട്ടു എന്ന വിശദീകരണം പിന്നീട് വന്നു. വൈദ്യുതീകരണം പൂർത്തിയായപ്പോൾ തടസ്സമായി ചൂണ്ടിക്കാട്ടിയത് അടുത്ത് കിടക്കുന്ന ജില്ലാ ജയിലുമായി ബന്ധപ്പെട്ട സുരക്ഷിതത്വ പ്രശ്നമായിരുന്നു. അത് പരിഹരിച്ചതായി ആസ്പത്രി സൂപ്രണ്ട് വെളിപ്പെടുത്തി. ആസ്പത്രിയിൽ സൂപ്പർ സ്പെഷ്യലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് സ്ഥലപരിമിതിയാണ് തടസ്സമെന്നാണ് കഴിഞ്ഞദിവസം ആസ്പത്രിയിലെത്തിയ ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും പറഞ്ഞത്. കെട്ടിടം പൂർണസജ്ജമാക്കാൻ ഇനിയും രണ്ടരക്കോടി രൂപയോളം വേണ്ടിവരുമെന്നാണ് ജില്ലാപഞ്ചായത്ത് അധ്യക്ഷ ബേബി ബാലകൃഷ്ണൻ പറയുന്നത്.

പ്രശ്നം പരിഹരിക്കും

കെട്ടിടത്തിലെ അപാകം പരിഹരിക്കുന്നതിന് സമയബന്ധിതമായി നടപടികൾ സ്വീകരിക്കുമെന്ന് ഇക്കാര്യത്തിൽ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എസ്.എൻ.സരിത പറഞ്ഞു. പുതിയകോട്ടയിലെ മാതൃ ശിശു ആസ്പത്രി സജ്ജമാകുന്നതോടെ ജില്ലാ ആസ്പത്രിയിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ആസ്പത്രിയിൽ പ്രസവശുശ്രൂഷയ്ക്കായി പുതിയ വാർഡിന്റെ കെട്ടിടനിർമാണം നടന്നുവരുന്നതായും അധ്യക്ഷ വെളിപ്പെടുത്തി. നിലവിൽ ആർദ്രം കെട്ടിടത്തിലാണ് കോവിഡ് വാക്‌സിൻ കേന്ദ്രം താത്കലികമായി പ്രവൃത്തിക്കുന്നത്.

സ്വകാര്യ മേഖലയെ വെല്ലുന്ന ഒ.പി. സൗകര്യം

സ്വകാര്യമേഖലയോട് കിടപിടിക്കുന്ന തരത്തിലുള്ള ഒ.പി. സൗകര്യമാണ് ആർദ്രം പദ്ധതി കെട്ടിടത്തിൽ വിഭാവനംചെയ്യുന്നത്. തിക്കും തിരക്കുമില്ലാതെ കൃത്യമായ ടോക്കൺ സംവിധാനത്തിലാണ് ഒ.പി.കൾ പ്രവൃത്തിക്കുക. ഒ.പി. ശീട്ടിനുപകരം രോഗികൾക്ക് ബയോമേട്രിക് സംവിധാനം ഉപയോഗിച്ചാണ് റജിസ്‌ട്രേഷൻ നടക്കുക. പൂർണമായും ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രവും ടോക്കൺക്രമം മലയാളത്തിൽ അറിയിക്കുന്ന ഡിജിറ്റൽ സംവിധാനം തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഉണ്ടാകും.