കാഞ്ഞങ്ങാട് : സ്നേഹാശംസകളുമായി വായനക്കാരെത്തി. മധുരം നൽകി സ്നേഹം പങ്കിട്ടു. അങ്ങനെ ലളിതമായ ചടങ്ങിൽ കാഞ്ഞങ്ങാട് മാതൃഭൂമി ബുക്‌സിന്റെ അഞ്ചാം പിറന്നാൾ ആഘോഷിച്ചു.

അഞ്ചുവർഷം മുൻപ് ഗോകുലം ടവറിൽ ബുക്ക്‌ സ്റ്റാൾ തുടങ്ങിയതുമുതൽ ഇതൊരു സാംസ്കാരിക ഇടംകൂടിയായി മാറിയിരുന്നു. എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും ഒത്തുചേരുന്ന കേന്ദ്രമെന്ന വിശേഷണവും ഈ പുസ്തകശാലയ്ക്ക് കൈവന്നു.

ഇനിയങ്ങോട്ട് അത്തരം ഒത്തുചേരലുകളും ചർച്ചകളും സജീവമാക്കണമെന്നും സൗഹൃദക്കൂട്ടായ്മ ആവശ്യപ്പെട്ടു. യു.പി.എസ്.സി. ജിയോ സയന്റിസ്റ്റ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ നീലേശ്വരത്തെ അനീഷിയ ദാസ് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ജില്ലാ ബ്യൂറോ ചീഫ് കെ. രാജേഷ്‌കുമാർ അധ്യക്ഷനായി.

ഹൊസ്ദുർഗ് മാരിയമ്മ ക്ഷേത്രം ചെയർമാൻ ബി. മുകുന്ദു പ്രഭു, ഗോകുലം ചിറ്റ്‌സ് അസിസ്റ്റന്റ് ജനറൽ മാനേജർ കെ.ആർ. ഷിജിന, മാതൃഭൂമി ഗൃഹലക്ഷ്മിവേദി ജില്ലാ പ്രസിഡന്റ് യമുനാ കെ. നായർ, ഫസലു റഹ്‌മാൻ എന്നിവർ സംസാരിച്ചു.

മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ഇ.വി. ജയകൃഷ്ണൻ സ്വാഗതവും മാതൃഭൂമി ബുക്‌സ് സെയിൽസ് അസിസ്റ്റന്റ് എം. സുനീഷ് നന്ദിയും പറഞ്ഞു. പിറന്നാളിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ പുസ്തകങ്ങൾക്കുള്ള വിലക്കിഴിവ് വ്യാഴാഴ്ചയും ലഭ്യമാണ്. മാതൃഭൂമി ബുക്സിന് പുറമേ മറ്റു പ്രസാധകരുടെ പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്.