കാസർകോട് : ഒന്നാംവർഷ ഹയർ സെക്കൻഡറിയിലേക്ക് സർക്കാർ സീറ്റുകൾ വർധിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും അധ്യാപകരുടെ ആശങ്കകൾ തീരുന്നില്ല. ഇത്തവണ 10 മുതൽ 20 ശതമാനം വരെയാണ് സീറ്റ് വർധിപ്പിച്ചത്. ഇതോടെ ഒരു ക്ലാസിൽ 50 കുട്ടികൾ എന്ന കണക്ക് 60 മുതൽ 70 വരെയാകും. ജില്ലയിലെ ഒട്ടുമിക്ക സ്കൂളുകളിലും കുട്ടികളുടെ എണ്ണം വർധിക്കുകയും ചെയ്യും.

ക്ലാസ് മുറികളിൽ കുട്ടികൾ വർധിച്ചാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നല്കാനാവില്ലെന്നാണ് അധ്യാപകരുടെ അഭിപ്രായം. ഇന്നത്തെ വിദ്യാർഥികൾ പ്രത്യേകിച്ച് ഹയർ സെക്കൻഡറി കാലഘട്ടത്തിലുള്ളവർ ഒരുപാട് വൈകാരികപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും അധ്യാപകർ വേണം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിയെ കണ്ടെത്തി ആവശ്യമായ കരുതലും പ്രോത്സാഹനവും നല്കുകയെന്നതും അധ്യാപകന്റെ കർത്തവ്യമാണ്.

എന്നാൽ കുട്ടികളുടെ എണ്ണം വർധിക്കുന്നതോടെ അതിന് സാധിക്കില്ലെന്നാണ് അധ്യാപകരുടെ അഭിപ്രായം. പാഠം എടുത്ത് തീർക്കുക എന്നതിനെക്കാളുപരി അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ആത്മബന്ധം വളർത്തിയെടുക്കാനാവില്ല. കോവിഡിന്റെ സാഹചര്യത്തിൽ സാമൂഹിക അകലം എങ്ങനെ നടപ്പാക്കുമെന്നതും അധ്യാപകരെ ആശങ്കയിലാക്കുന്നുണ്ട്. സീറ്റ് വർധിപ്പിക്കുന്നതിനോടൊപ്പം ബാച്ചുകളുടെ എണ്ണം കൂട്ടുകയും അധ്യാപക തസ്തികകൾ അനുവദിക്കുകയും ചെയ്യണമെന്നാണ് അധ്യാപക സംഘടനകളുടെ അഭിപ്രായം.