മഞ്ചേശ്വരം : എല്ലാ തീവണ്ടികളിലും ജനറൽ കോച്ച് അനുവദിക്കണമെന്ന് എൻ.ജി.ഒ. യൂണിയൻ മഞ്ചേശ്വരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ് ഇളവുകൾ വന്നശേഷം പുനരാരംഭിച്ച വണ്ടികളിൽ ജനറൽ കോച്ചുകൾ ഇല്ലാത്തതിനാൽ നിത്യേന തീവണ്ടികളെ ആശ്രയിക്കുന്ന സർക്കാർ ജീവനക്കാരടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാർ ദുരിതം നേരിടുകയാണ്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനസമയം സാധാരണനിലയിലായിട്ട് മാസങ്ങൾ പിന്നിടുമ്പോഴും തീവണ്ടി സർവീസുകൾ പൂർണമായും ആരംഭിക്കാനോ ഓടുന്ന എക്സ്പ്രസ്‌ വണ്ടികളിൽ ജനറൽ കോച്ചുകൾ ഏർപ്പെടുത്താനോ റെയിൽവേ തയ്യാറായിട്ടില്ല. ജനറൽ കോച്ചുകൾ ഉടൻ തുടങ്ങി യാത്രപ്രശ്നം പരിഹരിക്കണമെന്നും യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. സുഗുണകുമാർ, കെ.സി.ഭാമ, ഹക്കീം കമ്പാർ എന്നിവർ സംസാരിച്ചു.