രാജപുരം : വീടിന്റെ ചുവരുകളെല്ലാം ദേവീദേവൻമാരും ചിത്രശലഭങ്ങളും പ്രകൃതിദൃശ്യങ്ങളും കൈയടക്കി. വീട്ടിലുണ്ടായിരുന്ന നോട്ടുബുക്കുകളും നൂറുകണക്കിന് ചിത്രങ്ങളാൽ നിറഞ്ഞു. കൊട്ടോടി ജി.എച്ച്.എസ്.എസ്. ആറാംക്ലാസ് വിദ്യാർഥി ചുള്ളിക്കര കാഞ്ഞിരത്തടിയിലെ അശ്വിൻരാജ് വരച്ചുകൂട്ടുന്നത് മനോഹര ചിത്രങ്ങൾ. കഴിഞ്ഞ ദിവ സം ചുള്ളിക്കരയിലെത്തിയ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.ക്ക് അദ്ദേഹത്തിന്റെ ചിത്രം പെൻസിൽ കൊണ്ട് വരച്ചു‌നൽകി.

എൽ.കെ.ജി. പഠനകാലത്ത് കളറിങ്ങിൽ അശ്വിന്റെ കഴിവ് കണ്ട് അധ്യാപകർ രക്ഷിതാക്കളെ അറിയിക്കുകയും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു. സ്കൂളിൽ എത്തിയതോടെയാണ് അശ്വിൻ കൂടുതലായി വരയ്ക്കാൻ തുടങ്ങിയത്. പെൻസിൽ ഡ്രോയിങ്, ഫാബ്രിക് പെയിൻറ്‌, ഓയിൽ കളർ, ജലച്ചായം തുടങ്ങിയവയിലാണ് ചിത്രം വരയ്ക്കുന്നത്. വീടിന്റെ ചുവരുകളിൽ ദൈവങ്ങളുടെയും പ്രകൃതിയുടെയും ദൃശ്യങ്ങളാണ് വരച്ചത്. കയ്യൂർ സമരം, ശലഭങ്ങൾ, വളർത്തുമൃഗങ്ങൾ, സിനിമാതാരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങി ചെറുപ്രായത്തിൽതന്നെ വരച്ചുതീർത്ത വലിയ ചിത്രശേഖരം അശ്വിന്റെ കൈവശമുണ്ട്.

കോവിഡ് കാലത്ത് സ്കൂൾ അടച്ചതോടെയാണ് വീടിന്റെ ചുവരുകളെ കാൻവാസാക്കി മാറ്റിയത്. അച്ഛൻ രാജേഷും അമ്മ രജിനയും പ്രോത്സാഹിപ്പിച്ചു. ഒട്ടേറെ മത്സരങ്ങളിൽ സമ്മാനങ്ങളും നേടിയിട്ടുണ്ട്.