കാസർകോട് : 19 മാസത്തിനുശേഷം സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുമ്പോൾ വിദ്യാർഥികളും അധ്യാപകരും സർക്കാർ മാർഗരേഖയും കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് വിദ്യാഭ്യാസം സുഗമമാക്കമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി.പുഷ്പ പറഞ്ഞു.

ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ഒരു ബെഞ്ചിൽ പരമാവധി രണ്ട് കുട്ടികൾ. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരുസമയം പരമാവധി പകുതി കുട്ടികൾ ഹാജരാകണം. സ്കൂളുകളുടെ സൗകര്യാർഥം രാവിലെ ഒൻപത് മുതൽ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകൾ ആരംഭിക്കാൻ ക്രമീകരണങ്ങൾ നടത്താം.

ആദ്യ രണ്ടാഴ്ച ക്ലാസുകൾ ഉച്ചവരെ ക്രമീകരിക്കുന്നതാണ് ഉചിതം.

1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25 ശതമാനം മാത്രം ഒരുസമയത്ത് സ്കൂളിൽ വരുന്ന രീതിയിൽ ക്ലാസുകൾ ക്രമീകരിക്കണം. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമായിരിക്കും.

കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാം. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല. ക്രമീകരണച്ചുമതല സ്കൂൾ മേധാവിക്കായിരിക്കും.

ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം (വിദ്യാർഥികൾ അധികമുള്ള സ്കൂളുകളിൽ രണ്ട് ദിവസം) സ്കൂളിൽ വരാനുള്ള അവസരം ഒരുക്കണം. അടുത്ത ബാച്ച് അടുത്ത മൂന്ന്‌ ദിവസമായിരിക്കും സ്കൂളിലെത്തേണ്ടത്. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർഥി സ്ഥിരമായി അതേ ബാച്ചിൽത്തന്നെ തുടരേണ്ടതാണ്.

ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചിൽ പെടുത്തുന്നതാണ് ഉചിതം. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്കൂളിൽ ഹാജരാകേണ്ടതില്ല.

കുട്ടികളെ സ്കൂളിൽ എത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി വരുന്ന രക്ഷിതാക്കൾ സ്കൂളിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടംകൂടാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ തുറന്നുപ്രവൃത്തിക്കാവുന്നതാണ്. ഭിന്നശേഷിയുള്ള കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാംഘട്ടത്തിൽ വരേണ്ടതില്ല എന്ന് നിർദേശമുണ്ടെങ്കിലും കാഴ്ച/ശ്രവണ പരിമിതിയുള്ള കുട്ടികൾ മാത്രമുള്ള സ്പെഷ്യൽ സ്കൂളുകൾ തുറന്നു പ്രവൃത്തിക്കാവുന്നതാണ്.

സ്കൂൾ തുറക്കുന്നതിന് മുൻപുതന്നെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും രണ്ടു ഡോസ് വാക്‌സിൻ എടുത്തിരിക്കണം.

രോഗലക്ഷണ പരിശോധനാ റജിസ്റ്റർ സ്കൂളുകളിൽ സൂക്ഷിക്കണം. രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകൾ റജിസ്റ്ററിൽ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.