കുമ്പള : അനധികൃതമായി മണൽ കടത്താൻ ഉപയോഗിച്ച അഞ്ച് തോണികൾ ഷിറിയയിൽ പോലീസ് പിടിച്ചു. കണ്ടൽക്കാടുകളിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു തോണികൾ. ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്പെക്ടർ പി.പ്രമോദ്. എസ്.ഐ. മാരായ വി.കെ.അനീഷ്, കെ.പി.വി.രാജീവൻ, സുരേഷ് എന്നിവരാണ് പരിശോധന നടത്തിയത്.

കുമ്പള, ഷിറിയ, കോയിപ്പാടി, മൊഗ്രാൽ, മൊഗ്രാൽ പുത്തൂർ, നാങ്കി തുടങ്ങിയയിടങ്ങളിൽ മണൽക്കടത്ത് വ്യാപകമാണെന്ന് നേരത്തെതന്നെ പരാതിയുണ്ടായിരുന്നു. ഏതാനും ദിവസം മുമ്പും ആറ്‌ തോണികൾ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. മൊഗ്രാൽ പുത്തൂരിൽനിന്നും ഇതേരീതിയിൽ അഞ്ച് തോണികൾ ദിവസങ്ങൾക്കുമുമ്പ് പിടിച്ചെടുക്കുകയുണ്ടായി. തീരത്ത് ചാക്കിൽ നിറച്ചനിലയിൽ കണ്ട മണൽ കുമ്പള തീരദേശ പോലീസ് കഴിഞ്ഞദിവസം കടലിൽ തള്ളിയിരുന്നു.