തൃക്കരിപ്പൂർ : രണ്ടുവർഷം മുമ്പ് അനുമതി ലഭിച്ച തൃക്കരിപ്പൂർ-ബീരിച്ചേരി റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം വൈകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഞായറാഴ്ച 11 മണിക്ക് തൃക്കരിപ്പൂർ പഞ്ചായത്ത് സി.എച്ച്. ടൗൺ ഹാളിൽ സർവകക്ഷി യോഗം നടക്കും. കിഫ്‌ബിയുടെ സഹായത്തോടെ നിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്തിൽ ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. മേൽപ്പാലം നിർമാണത്തിന് 90 സെന്റ്‌ ഏറ്റെടുക്കേണ്ടിവരുമെന്നും 20 ഓളം കെട്ടിടങ്ങൾ ഒഴിപ്പിക്കേണ്ടിവരുമെന്നും സൂചനകൾ ഉണ്ടായതല്ലാതെ തുടർനടപടി ഉണ്ടായിട്ടില്ല.

ഏറ്റെടുക്കുന്ന സ്ഥലത്തെപ്പറ്റി സമീപവാസികൾക്ക് വ്യക്തത ലഭിക്കാത്തതിനാൽ വീട് വെക്കാനും സ്ഥലം കൈമാറ്റംചെയ്യാനും പറ്റാത്ത അവസ്ഥയാണ്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പങ്കെടുക്കുന്ന യോഗം തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാടാണ് വിളിച്ചുചേർത്തിട്ടുള്ളത്.