നീലേശ്വരം : ആഴക്കടൽ മത്സ്യബന്ധന ഇടപാടിൽ ജുഡീഷ്യൽ അന്വേഷണവും ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. പിന്തുണയോടെ മത്സ്യമേഖലാ സംരക്ഷണസമിതി നടത്തിയ തീരദേശ ഹർത്താലിൽ നീലേശ്വരം തൈക്കടപ്പുറം, മരക്കാപ്പ് കടപ്പുറം മേഖലയിൽ സംഘർഷം. മത്സ്യത്തൊഴിലാളി കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റും മണ്ഡലം സെക്രട്ടറിയുമായ മരക്കാപ്പ് കടപ്പുറം മലബാർ റിസോർട്ടിനു സമീപത്തെ ബി.സുധീന്ദ്രൻ (50), ഭാര്യ കെ.വി.മിനി (34) എന്നിവർക്ക് പരിക്കേറ്റു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

വെള്ളിയാഴ്ച പുലർച്ചെ തൈക്കടപ്പുറം മേഖലയിലാണ് സംഘർഷങ്ങളുടെ തുടക്കം. തൈക്കടപ്പുറം, തൈക്കടപ്പുറം ബോട്ടുജെട്ടി, ഇതിനു തൊട്ടടുത്തുള്ള തീരദേശ റോഡ്, മരക്കാപ്പ് കടപ്പുറം എന്നിവിടങ്ങളിൽ ഹർത്താലനുകൂലികൾ മാർഗതടസ്സം സൃഷ്ടിച്ചിരുന്നു. തൈക്കടപ്പുറം ഫിഷ് ലാൻഡിങ് സെന്റർ കേന്ദ്രീകരിച്ച് മീൻപിടിക്കാൻ പോകുന്ന തൊഴിലാളികൾ വാഹനങ്ങളിലെത്തുന്ന വഴിയാണിത്. ഹർത്താലിൽ പങ്കെടുക്കാതെ കടലിൽ പോകുന്നവർ ഇതിൽ പ്രതിഷേധമുയർത്തിയതോടെ വിവരമറിഞ്ഞ്‌ നീലേശ്വരം, ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി സംഘർഷം പരിഹരിച്ചു.

പിന്നീട് തൈക്കടപ്പുറത്ത് ഒരു വാഹനത്തിന്റെ കാറ്റഴിച്ചു വിട്ടതായി അഭ്യൂഹം പരന്നു. ഇതേത്തുടർന്നാണ് രാവിലെ പത്തരയോടെ മത്സ്യത്തൊഴിലാളി ബി.സുധീന്ദ്രന്റെ വീട്ടിൽ കയറി കോളിങ് ബെൽ അമർത്തിയ സംഘം വാതിൽ തുറന്നയുടൻ ഇരുമ്പുവടി ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വീടിനകത്ത് കയറി സുധീന്ദ്രനെ അടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന്‌ ഹൊസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തടയാനെത്തിയ മിനിയെയും തള്ളിവീഴ്ത്തി. വീട്ടിനകത്തെ പൈപ്പ് ലൈനുകൾ അടിച്ചുതകർത്താണ് സംഘം മടങ്ങിയത്. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അക്രമത്തിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ബാബു, ജില്ലാ പ്രസിഡന്റ് ജി.നാരായണൻ, സംസ്ഥാന നേതാവ് ആർ.ഗംഗാധരൻ എന്നിവർ പ്രതിഷേധിച്ചു.

കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കുഞ്ഞിക്കൃഷ്ണൻ, നേതാക്കളായ എച്ച്.ഭാസ്കരൻ, എച്ച്.ബാലൻ, വി.പ്രദീപ് കുമാർ, വി.ബാബു, കെ.മനോഹരൻ എന്നിവർ സ്ഥലത്തെത്തി.