കാഞ്ഞങ്ങാട് : ലോക്ഡൗൺ കാലത്ത് അടച്ചിട്ട കാഞ്ഞങ്ങാട്ടെ ഇക്കോഷോപ്പ് വീണ്ടും തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് ജൈവകർഷകസമിതിയുടെ കീഴിലുള്ളതാണ് ഈ പച്ചക്കറിവിൽപ്പന ശാല. വിഷമില്ലാത്ത പച്ചക്കറി സംഭരിക്കാനും വിൽപ്പന നടത്താനുമായി 2014-ലാണ് സ്ഥാപനം തുടങ്ങിയത്. തുടക്കത്തിൽ നല്ല ലാഭത്തിലായിരുന്നു. അന്ന്‌ പ്രതിമാസം ലക്ഷത്തിലേറെ രൂപ വിറ്റുവരവുണ്ടായിരുന്നു. പിന്നീട് ലാഭം കുറഞ്ഞു. പുതിയകോട്ടയിലെ കൃഷിഅസിസ്റ്റന്റ് കെട്ടിടത്തിലെ ഷട്ടർമുറിയിലാണ് വിൽപ്പനകേന്ദ്രം. ഇത്‌ റോഡരികിലല്ലാത്തതിനാലാണ് കൂടുതൽ വിൽപ്പന നടത്താനാകാത്തതെന്നാണ് നടത്തിപ്പുകാരുടെ മറുപടി.

സംസ്ഥാനത്ത് കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ ഇക്കോഷോപ്പ് തുടങ്ങിയപ്പോൾ ജില്ലയിലെ ആദ്യ സംരംഭങ്ങളിലൊന്നായിരുന്നു ഇത്. കാഞ്ഞങ്ങാട്ടെ കൃഷി അസിസ്റ്റന്റ് ഡയരക്ടർക്കാണ് പുതിയകോട്ടയിലെ വിൽപ്പനശാലയുടെ ചുമതല. നല്ല വിറ്റുവരവുണ്ടായിരുന്ന സമയത്ത്‌ ഈ വിൽപ്പനശാല പട്ടണകേന്ദ്രത്തിലെവിടെയെങ്കിലും മാറ്റണമെന്ന ആവശ്യവും ഉയർന്നിരുന്നു. കഴിഞ്ഞവർഷം കോവിഡിന്റെ തുടക്കത്തിൽ ലോക്ഡൗൺ ഉണ്ടായിരുന്നപ്പോൾ മൂന്നുമാസം അടച്ചിട്ടിരുന്നു. എന്നാൽ, പിന്നീട് തുറന്നു. ഈ വർഷം കോവിഡിന്റെ രണ്ടാംവരവിൽ വീണ്ടും ലോക്ഡൗൺ വന്നതോടെ പിന്നെയും അടച്ചു.

മേയ് മൂന്നിനാണ് അടച്ചത്. ഇതുവരെയും തുറന്നിട്ടില്ല. കാഞ്ഞങ്ങാട് തോയമ്മലിലെ വി.വി.ബീന, മുന്നാട് സ്വദേശിനി വി.ലത എന്നിവരാണ് ജീവനക്കാർ ഇവരുടെ ശമ്പള കുടിശ്ശികയും ഇതുവരെ കൊടുത്തിട്ടില്ല. ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ശമ്പളമാണ് കൊടുക്കാനുണ്ടായിരുന്നത്. നിരന്തരമായി ആവശ്യപ്പെടുകയും കൃഷിമന്ത്രിക്കുൾപ്പെടെ നിവേദനം നൽകുകയും ചെയ്തപ്പോൾ സമിതിയുടെ കൈയിലുണ്ടായിരുന്ന പണംകൊണ്ട് ഇവരുടെ ഒരുമാസത്തെ കുടിശ്ശിക തീർത്തു. സമിതിക്കു കിട്ടിയ ലാഭം ബാങ്കിലുണ്ട്. ഇതെടുക്കാനോ ഇവരുടെ കുടിശ്ശിക തീർക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന പരാതിയുമുണ്ട്. ബാങ്കിലുള്ള തുക ഉപയോഗിച്ച് പട്ടണകേന്ദ്രത്തിലെവിടെയെങ്കിലും ഈ വിൽപ്പനശാല തുറക്കണമെന്നാണ് കർഷകരും ആവശ്യപ്പെടുന്നത്.