ബോവിക്കാനം : കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയോൺമെന്റിന്റെ നേതൃത്വത്തിൽ എൻജിനീയറിങ്‌ കോളേജ് വിദ്യാർഥികൾക്കായി നടത്തിയ പ്രോജക്ട്‌ ഫെസ്റ്റ് 2021-ലെ വെങ്കല അവാർഡ് കാസർകോട് എൽ.ബി.എസ്. എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ നേടി. അവസാനവർഷ വിദ്യാർഥികളായ പി. അനുശ്രീ, അബ്‌ന വിജയ്, പി. ചൈത്ര, എം. സൗമ്യ എന്നിവർക്കാണ് കാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കുക. ചെറുകിട വ്യവസായങ്ങൾക്ക്‌ ഉപയോഗിക്കാവുന്ന ചെലവുകുറഞ്ഞ നിരീക്ഷണസംവിധാനം വികസിപ്പിച്ചെടുത്തതിനാണ് അവാർഡ് ലഭിച്ചത്. നൂതന വാർത്താവിനിമയ സംവിധാനമായ ലോറവാൻ സാങ്കേതികവിദ്യയാണ് നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. സംസ്ഥാനതലത്തിൽ സമർപ്പിക്കപ്പെട്ട 300-ൽപരം പ്രോജക്ടുകളിൽനിന്നാണ് ഈ സംഘത്തിന് വെങ്കലസമ്മാനം ലഭിച്ചത്. ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്‌ വിഭാഗം പ്രൊഫ. റെൻസി സാംമാത്യുവാണ് ഉപദേശകൻ.