ഇ.വി. ജയകൃഷ്ണൻ
കാഞ്ഞങ്ങാട്
: കൗമാരകലയുടെ പൊൻപ്രഭ വിതറിയ കാഞ്ഞങ്ങാട്ടെ 28 വേദികൾ. കലാകേരളത്തിന്റെ കണ്ണും മനസ്സും ഈ വടക്കൻനാട്ടിലേക്ക് കേന്ദ്രീകരിച്ച അഞ്ച് രാപകലുകൾ.
കാഞ്ഞങ്ങാടിന് ഒരിക്കലും മറക്കാനാകാത്ത ആ നല്ല നാളുകൾക്ക് ഒരാണ്ട്. കഴിഞ്ഞ വർഷം നവംബർ 27-നായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറിയത്. കൈയെത്താദൂരത്തോ കൗമാര കലോത്സവം എന്ന തലക്കെട്ടിൽ മാതൃഭൂമി തുടങ്ങിയ കാമ്പയിനായിരുന്നു കാസർകോട്ടേക്ക് വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയെ എത്തിച്ചത്.
പാലക്കാടിന് സ്വർണക്കപ്പ്; കാഞ്ഞങ്ങാടിന് സ്‌നേഹക്കപ്പ് എന്നു പറഞ്ഞ് മാതൃഭൂമിയെഴുതിയ മുഖപ്രസംഗവും ഇവിടത്തെ ഒരോ മനസ്സുകളിലും മായാതെ കിടപ്പുണ്ട്.
ഇതര ജില്ലകളിലെ കലാപ്രതിഭകളെയും രക്ഷിതാക്കളെയും അധ്യാപകരെയും തങ്ങളുടെ വീടുകളിൽ പാർപ്പിച്ച് കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും വീട്ടുകാർ കലർപ്പില്ലാത്ത സ്നേഹത്തെ കാണിച്ചുകൊടുത്ത കലോത്സവം കൂടിയായിരുന്നു കാഞ്ഞങ്ങാട്ടേത്.
'പെൻസിൽ' ഒടിഞ്ഞുനശിച്ചു
:കലാകേരളം കാഞ്ഞങ്ങാട്ടിന് സമ്മാനിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അടയാളം ഇവിടെ എന്നെന്നുമുണ്ടാകുമെന്ന കാഞ്ഞങ്ങാട് നഗരഭരണാധികാരികളുടെയും സംഘാടകസമിതിയുടേയും ഉറപ്പ് ഇതുവരെയും നടപ്പായില്ല.
പ്രധാനവേദിയിൽ ഉയർന്ന പെൻസിൽ മാതൃകയിലുള്ള കൊടിമരമാണ് ഇതിലൊന്ന്. ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ ഉയർന്ന ബേക്കൽകോട്ട മാതൃകയിലുള്ള കമാനമാണ് രണ്ടാമത്തേത്. വാഴുന്നോറൊടി മേനിക്കോട്ട് സ്വരലയ സാസംകാരികവേദി പ്രവർത്തകരാണ് കലോത്സവ സ്വീകരണ കമ്മിറ്റിയുമായി ചേർന്ന് കൊടിമരം ഉണ്ടാക്കിയത്. ബേക്കൽകോട്ടയുടെ മിനാരം അടത്തറയാക്കി അതിന്റെ ഒത്തനടുവിൽ കൂർത്തമുനയുള്ള കടലാസുപെൻസിൽ രൂപത്തിലുള്ള കൊടിമരമാണ് രൂപകൽപ്പന ചെയ്തത്. പ്രദർശന കമ്മിറ്റിയാണ് അലാമിപ്പള്ളിയിൽ 80 അടി നീളവും 40 അടി വീതിയുമുള്ള ബേക്കൽ കോട്ടയുടെ മാതൃക പണിതത്. ചെത്തിമിനുക്കിയ 4000 ചെങ്കല്ലുകൊണ്ടാണ് ഇതു കെട്ടിയുയർത്തിയത്.
കൊടിമരത്തെ അലാമിപ്പള്ളിയിലേക്ക് മാറ്റാനും 'ബേക്കൽകോട്ട' കമാനത്തെ അവിടെ തന്നെ നിലനിർത്താനുമായിരുന്നു ആലോചന. ബേക്കൽകോട്ട മാതൃക പിന്നീട് പൊളിച്ചുമാറ്റി. കൊടിമരം ആലാമിപ്പള്ളിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ ഇതിന്റെ മുനയൊടിഞ്ഞു. അതോടെ ആ ശ്രമം ഉപേക്ഷിച്ചു. മഴയും വെയിലും കൊണ്ട് അത് മൈതാനത്തിന്റെ മൂലയിൽ കിടന്ന് നശിച്ചു.