കാസർകോട് : രണ്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ചു. ബുധനാഴ്ച രാത്രി ജില്ലാ ആസ്ഥാനത്തിന് മുൻപിൽ വെങ്കലത്തിൽ തീർത്ത ഗാന്ധിപ്രതിമ സ്ഥാപിച്ചു. പ്രതിമ നിർമാണ കമ്മിറ്റി ചെയർമാൻ കെ.പി.ഉണ്ണിക്കൃഷ്ണൻ, എ.ഡി.എം. എൻ.ദേവീദാസ്, ശില്പി ഉണ്ണി കാനായി എന്നിവരുടെ സാന്നിധ്യത്തിലാണ് ഫൈബർ പ്രതിമ മാറ്റി വെങ്കലത്തിന്റേത് സ്ഥാപിച്ചത്.
വെങ്കലപ്രതിമ സ്ഥാപിക്കാനുളള 22 ലക്ഷം രൂപയുടെ കരാർ ലംഘിച്ച് 2020 ജനുവരി 28-ന് ഫൈബർ ഗ്ളാസിൽ തീർത്ത പൂർണാകായ പ്രതിമ സ്ഥാപിച്ചത് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. അത് വിവാദമായതിനെ തുടർന്നാണ് വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള നടപടി അധികൃതർ ഊർജിതമാക്കിയത്. ഓഗസ്റ്റ് 30-നകം പ്രതിമ സ്ഥാപിക്കുമെന്നറിയിച്ചിരുന്നെങ്കിലും വീണ്ടും നീളുകയായിരുന്നു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽനിന്നാണ് പ്രതിമ നിർമാണത്തിനാവശ്യമായ ഫണ്ട് സ്വരൂപിച്ചത്. 1997-ൽ സാതന്ത്ര്യ സുവർണ ജൂബിലി ആഘോഷ വേളയിലാണ് കളക്ടറേറ്റിന് മുന്നിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നത്. അന്ന് സ്വാതന്ത്ര്യസമരസേനാനി കെ.മാധവൻ, പത്രപ്രവർത്തകൻ കെ.എം.അഹമ്മദ്, ആർട്ടിസ്റ്റ് പുണിഞ്ചിത്തായ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉപസമിതി രൂപവത്‌കരിച്ച് പ്രവർത്തിച്ചെങ്കിലും പദ്ധതി നീളുകയായിരുന്നു.