ചെർക്കള : പാതയോരത്തുനിന്ന് കളഞ്ഞുകിട്ടിയ 1,30,000 രൂപയടങ്ങിയ ബാഗ് ഉടമസ്ഥന് കൈമാറി.

ചെർക്കള ബസ്‌സ്റ്റാൻഡിൽ ഹോട്ടൽ നടത്തുന്ന ഹമീദ് ഇല്ലമാണ് പാതയോരത്തുനിന്ന് കിട്ടിയ തുക ഉടമസ്ഥനായ കർണാടക ബാങ്ക് കാസർകോട് ശാഖ മാനേജർ കെ.പി.ജനാർദനന് നൽകിയത്.

ശനിയാഴ്ച രാവിലെ കെ.കെ.പുറത്തെ വീട്ടിൽനിന്ന് കാറിൽ ഹോട്ടലിലേക്ക് വരുംവഴിയാണ് പാതയോരത്ത് തുകൽ ബാഗ് കണ്ടത്. എടുത്തു തുറന്നുനോക്കിയപ്പോൾ 500, 2000 നോട്ടുകൾ കണ്ടു. ഹോട്ടലിലെത്തി സമീപത്തെ കടയുടമകളോടും വിദ്യാനഗർ പോലീസ് സ്റ്റേഷനിലും പണമടങ്ങിയ ബാഗ് കിട്ടിയ കാര്യം അറിയിച്ചു. എടനീർ മഠത്തിൽ പോയി തിരിച്ച് ബൈക്കിൽ വരുന്നതിനിടെയാണ് ജനാർദനന് പണമടങ്ങിയ ബാഗ് നഷ്ടമായത്. അല്പദൂരം പിന്നിട്ടശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയത്.

പോയ വഴിയിലൂടെയുള്ള അന്വേഷണത്തിനിടെയാണ് ജനാർദനൻ ചെർക്കള സ്റ്റാൻഡിലും എത്തിയത്. തലശ്ശേരി സ്വദേശിയായ ജനാർദനൻ കഴിഞ്ഞ അഞ്ചുവർഷത്തോളമായി കർണാടക ബാങ്കിന്റെ കാസർകോട് ശാഖ മാനേജറാണ്.

കാസർകോട് കൃഷ്ണ തിയേറ്ററിന് സമീപമാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്.

സെപ്‌റ്റംബറിൽ വിരമിക്കുന്ന ജനാർദനൻ എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതിയെ കണ്ട് യാത്ര പറയുന്നതിനായിരുന്നു മഠത്തിലേക്ക് പോയിരുന്നത്. രാവിലെ എട്ടരയോടെയാണ് പണമടങ്ങിയ ബാഗ് ഹമീദിന് കിട്ടിയത്.

ഒൻപതുമണിയോടെ തന്നെ ഉടമസ്ഥന് കൈമാറാനും കഴിഞ്ഞു. പണമടങ്ങിയ ബാഗ് ഉടമസ്ഥന് കൈമാറിയ ഹമീദിനെ വ്യാപാരി വ്യവസായി ഏകോപനസമിതി ചെർക്കള യൂണിറ്റ് പ്രസിഡന്റ് ബി.എം.ഷറീഫ്, സെക്രട്ടറി അഹമ്മദ് ലുലു എന്നിവർ അനുമോദിച്ചു.