കാഞ്ഞങ്ങാട് : ഓടുന്ന ബസിനു മുകളിലേക്ക് വൈദ്യുതത്തൂൺ പൊട്ടിവീണു. കാഞ്ഞങ്ങാട്-മാവുങ്കാൽ പാതയിൽ കിഴക്കുംകര ശാന്തികലാമന്ദിരത്തിനു സമീപമാണ് വൈകീട്ട് മൂന്നുമണിയോടെയാണ് അപകടം.

കാഞ്ഞങ്ങാട്ടുനിന്ന്‌ പെരിയ മൂന്നാംകടവിലേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയത്ത് നടന്ന അപകടം യാത്രക്കാരെ പരിഭ്രാന്തരാക്കി. ഉടൻ തന്നെ വൈദ്യുതിബന്ധം വിച്ഛേദിച്ചത് ദുരന്തം ഒഴിവാക്കി. വൈദ്യുതിവകുപ്പ് ജീവനക്കാരെത്തി തൂണുകളും മറ്റും മാറ്റിയശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. മുകൾഭാഗം റോഡിലേക്ക് ചാഞ്ഞുനിന്ന വൈദ്യുതത്തൂണാണ് അപകടം വരുത്തിയത്. സമീപത്തുള്ള രണ്ട് തൂണുകളും ഇതേരീതിയിൽ അപകടസാധ്യതയുള്ളതാണ്. റോഡരികിലെ അപകടാവസ്ഥയിലുള്ള വൈദ്യുതത്തൂണുകൾ മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.