രാജപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തി അണ്ണാ ഡി.എച്ച്.ആർ.എം. കള്ളാർ, ബളാൽ, ബേഡഡുക്ക, കുറ്റിക്കോൽ തുടങ്ങിയ മലയോരപഞ്ചായത്ത് വാർഡുകളിലേക്കും പരപ്പ, കാറഡുക്ക ബ്ലോക്ക് ഡിവിഷനുകളിലേക്കും കള്ളാർ, ബേഡകം ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്കുമാണ് അണ്ണാ ഡി.എച്ച്.ആർ.എം. സ്ഥാനാർഥികൾ ജനവിധി തേടുന്നത്. ജില്ലാപഞ്ചായത്ത് കള്ളാർ ഡിവിഷനിൽ ചിണ്ടൻ കുഞ്ഞി കൊട്ടോടിയും ബേഡകം ജില്ലാ ഡിവിഷനിൽനിന്ന് സരിത മാവുങ്കാലും മത്സരിക്കും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ബന്തടുക്ക ഡിവിഷനിൽ എം.രഞ്ജിത്ത് രാജ് മത്സരിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് കള്ളാർ ഡിവിഷനിൽനിന്ന് രമണി മാവുങ്കാലാണ് മത്സരിക്കുന്നത്. കള്ളാർ പഞ്ചായത്ത് 14-ാം വാർഡിൽ ജ്യോതിലാഷ് മാവുങ്കാലും ബളാൽ പഞ്ചായത്ത് ഏഴാം വാർഡിൽ എം.ദാമോദരനും 15-ൽ കാർത്യായനി കുഴിങ്ങാടും മത്സരിക്കും. കുറ്റിക്കോൽ പഞ്ചായത്ത് 11-ാം വാർഡിൽ രമേശൻ കരിവേടകവും ഒൻപതാം വാർഡിൽ ബിന്ദു മാനടുക്കവുമാണ് മത്സരിക്കുക. സാമൂഹിക ജനാധിപത്യം സാധാരണക്കാരനിലൂടെ എന്ന ആവശ്യവുമായി മത്സരിക്കുന്ന സ്ഥാനാർഥികളുടെ ചിഹ്നം പെരുമ്പറയാണ്.