ബന്തടുക്ക
: മലയോരഹൈവേ കോളിച്ചാൽ-എടപ്പറമ്പ റീച്ചിൽ കവുങ്കാൽ കയറ്റം കുറയ്ക്കുന്നതിനോ സമാന്തരപാത പരിഗണിക്കുന്നതിനോ തീരുമാനമാകാൻ വൈകുന്നത് പ്രതിഷേധത്തിനിടയാക്കുന്നു.
റോഡ് നിർമിക്കുന്നതിന് മറ്റിടങ്ങളിൽ സ്ഥലം വിട്ടുനൽകിയ ഭൂവുടമകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
കുറ്റിക്കോൽ പഞ്ചായത്തിൽ ശങ്കരമ്പാടിക്കും പള്ളഞ്ചിക്കും ഇടയിലാണ് കവുങ്കാലൽ കയറ്റം. പടുപ്പിൽനിന്ന് കവുങ്കാൽ തോടിന്റെ പാലത്തിനുസമീപം പരക്കുന്നുവരെ ആവശ്യത്തിന് വീതികൂട്ടി ടാറിട്ടു.
തോട് മുതൽ പരപ്പ വരെ അരക്കിലോമീറ്ററോളം കുത്തനെയുള്ള കയറ്റമാണ് കുറയ്ക്കേണ്ടത്. ഗതാഗതം സുഗമമാക്കാൻ കയറ്റം കുറയ്ക്കുകതന്നെ വേണം എന്നതാണ് ആവശ്യം.
എന്നാൽ, പണി തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിൻമേൽ തീരുമാനമായില്ല. നിലവിലെ അടങ്കലിൽ ഇതിനായി തുകയുമില്ല.കയറ്റം കുറയ്ക്കാതെ ഗുണം ലഭിക്കില്ല
കുടിയാൻമലയിൽനിന്ന് 40 വർഷം മുൻപാണ് ഇവിടെയെത്തി കൃഷിചെയ്ത് താമസം തുടങ്ങിയത്. അന്ന് ഇവിടെ റോഡ് ഉണ്ടായിരുന്നില്ല. മലയോരഹൈവേയുടെ ഉപജ്ഞാതാവ് ജോസഫ് കനകമൊട്ട ആവശ്യപ്പെട്ടതനുസരിച്ച് എന്റെ പിതാവ് ഉൾപ്പെടെ നാട്ടുകാർ അഹോരാത്രം പണിയെടുത്താണ് റോഡ് വെട്ടിയത്. സ്വന്തം സ്ഥലത്തു കൂടിയായിരുന്നു റോഡ്. റോഡ് നിർമിച്ചതോടെ വീട് റോഡരികിലായി. അന്ന് റോഡ് 3.80 മീറ്റർ വീതിയിലായിരുന്നു. ഇപ്പോൾ വീതി 12 മീറ്ററാക്കുന്നതിനായും നീളത്തിൽ സ്ഥലം വിട്ടുനൽകി. കാവുങ്കാൽ കയറ്റം കുറയ്ക്കാതെ മലയോരഹൈവേയുടെ ഗുണം ലഭിക്കില്ല.
സാബു കണ്ണേഴത്ത്, ശങ്കരമ്പാടിപണി തടസ്സപ്പെടരുത്
റോഡുനിർമാണത്തിന് ആവശ്യമായ സ്ഥലം പ്രതിഫലമൊന്നും ലഭിക്കാതെ വിട്ടുനൽകിയവരാണ് ഏവരും. കർഷകരുടെ ഒട്ടേറെ ദീർഘകാലവിളകൾ ഉൾപ്പെടെയുള്ളവ മുറിച്ചുമാറ്റേണ്ടിവന്നു. വീട്ടുമതിൽ, കെട്ടിടഭാഗങ്ങൾ ഉൾപ്പെടെ പൊളിച്ചുമാറ്റിയവരുണ്ട്. പക്ഷേ, വനംവകുപ്പിന്റെ സ്ഥലത്തെത്തുമ്പോൾ നിയമത്തിൽതട്ടി പണി തടസ്സപ്പെടുന്നു. ഇത് ശരിയല്ല. കൂടാതെ, കാവുങ്കാൽ കയറ്റം കുറച്ചില്ലെങ്കിലും പദ്ധതിക്ക് നാണക്കേടുണ്ടാക്കും.
എ.അബൂബക്കർ, ആനക്കല്ല്മറ്റിടങ്ങളിൽമാത്രം മതിയോ
റോഡ് താഴ്ത്തുന്നത് മറ്റിടങ്ങളിൽമാത്രം മതിയെന്ന നിലപാട് ശരിയല്ല. റോഡ് നിർമാണത്തിലൂടെ നാട് വികസിക്കേണ്ടത് ആവശ്യമാണ്. അതിനാലാണ് വീടിനുമുന്നിൽ സ്ഥലം വിട്ടുനൽകിയത്. വീടിനുമുന്നിൽ ഇടിച്ചത് മതിയായില്ലെന്നും ഇനിയും ഇടിച്ചുമാറ്റുമെന്നാണ് അറിയുന്നത്. അങ്ങനെയായാൽ വീട്ടിലേക്കുള്ള കൈറോഡ് ഇല്ലാതാകും. കാവുങ്കാലിൽ കയറ്റംകുറച്ചതിനുശേഷം മതി മറ്റിടങ്ങളിൽ വീതികൂട്ടുന്നത്.
ടി.ടി.ജോസഫ്, ശങ്കരമ്പാടിവലിയ വാഹനങ്ങൾ കയറില്ല
റോഡിന് വീതികൂട്ടുമ്പോൾ കടവരാന്തവരെ പൊളിക്കേണ്ടിവന്നു. റോഡ് താഴ്ത്തിയപ്പോൾ കട റോഡിൽനിന്ന് ഉയർന്നു. റോഡ് നിലം താഴ്ത്തുമ്പോൾ ചില വീടുകളുടെ മുറ്റത്തേക്ക് നടവഴിപോലും ഇല്ലാതായി. ഇവിടങ്ങളിലൊന്നും കാട്ടാത്ത പരിഗണന കാവുങ്കാൽ കയറ്റത്തിന് നൽകുന്നത് ശരിയല്ല. നിലവിൽ ബസ്, ചരക്കുവാഹനം എന്നിവയ്ക്ക് പോകാനാകില്ല. ഒട്ടേറെ അപകടം നടന്ന കയറ്റമാണിത്. കയറ്റം പരമാവധി താഴ്ത്തണം.
പി.മാധവൻ നായർ, പരക്കുന്ന്, വ്യാപാരിസമാന്തരപാത പരിഗണിച്ചുകൂടെ
മറ്റിടങ്ങളിൽ റോഡ് നന്നായി നിർമിച്ചിട്ടും കാവുങ്കാൽകയറ്റം കുറയ്ക്കാതിരിക്കുന്നത് ശരിയല്ല. നിലവിലെ കയറ്റത്തിന്റെ മധ്യഭാഗത്തുനിന്ന് റോഡ് താഴ്ത്തി പരപ്പ കവലയിൽ എത്തിച്ചാൽ കയറ്റംകുറയും. കാവുങ്കാലിൽനിന്ന് മലയുടെ താഴ്‌വാരത്തുകൂടി പള്ളഞ്ചിവരെ സമാന്തര മൺപാതയുണ്ട്. വനഭൂമി, സ്വകാര്യഭൂമികളിലൂടെയാണിത്. വനഭൂമിയിലാണെങ്കിൽ പറയത്തക്ക മരങ്ങളും ഇല്ല. ഈ പാത പരിഗണിക്കുന്നതും കയറ്റംകുറയ്ക്കാനാകും.
ഗിരീഷ് ബി.നമ്പ്യാർ, ശങ്കരമ്പാടി