രാജപുരം: റോഡ് നവീകരണത്തിന്റെ ഭാഗമായി മെറ്റൽ നിരത്തിയിട്ട് ഒരുമാസം പിന്നിട്ടു. ബൈക്ക് അടക്കുമുള്ള വാഹന യാത്രികർക്കും കാൽനട യാത്രക്കാർക്കും അപകടക്കെണിയൊരുക്കി എരുമക്കുളം-തടിയൻവളപ്പ്-താന്നിയടി റോഡ്. യാത്രക്കിടെ ബൈക്ക് യാത്രികർ മെറ്റലിൽ നിരങ്ങി തെന്നിവീഴുന്നതും കുറവല്ല. പെരിയ ഭാഗത്തുനിന്ന് ഒടയംചാൽ വഴി കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിലേക്കും പരപ്പ ഭാഗത്തേക്കും വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. എന്നാൽ നവീകരണം അനന്തമായി നീണ്ടതോടെ പ്രദേശവാസികളും യാത്രക്കാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്.

2.35 കോടി രൂപ ചെലവിൽ എരുമക്കുളത്തുനിന്ന് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിന്റെ അതിർത്തിയായ തടിയൻ വളപ്പ് പാലത്തിന് സമീപംവരെയുള്ള 1.200 കിലോമീറ്റർ ഭാഗമാണ് നവീകരിക്കുന്നത്. റോഡ് നവീകരിച്ച് 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാറിടാനായിരുന്നു കരാർ. ഇതിന്റെ ഭാഗമായുള്ള ഓവുചാൽ, പാർശ്വഭിത്തി, കലുങ്ക് തുടങ്ങിയവയുടെ നിർമാണം ഏകദേശം പൂർത്തിയായെങ്കിലും ടാറിടലാണ് അനന്തമായി നീളുന്നത്. കരാറുകാരൻ ബാനത്ത് സ്ഥാപിച്ചിട്ടുള്ള ടാർ മിക്സിങ് യൂണിറ്റ് പ്രവർത്തനം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മുടങ്ങിയതാണ് പ്രവൃത്തി നീളാൻ കാരണമെന്നാണ് പറയപ്പെടുന്നത്. പ്രശ്നം പരിഹരിച്ച് എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

കാഞ്ഞങ്ങാട്-ഉദുമ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഇതേ റോഡിൽ ഇനി ബാക്കിയുള്ള ഒരു കിലോമീറ്ററോളം ഭാഗത്തെ നവീകരണത്തിന് നടപടിയൊന്നും ആയിട്ടില്ല. ഈ ഭാഗം കൂടി നവീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനിടെ ഒടയംചാൽ- ഉദയപുരം-പെരിയ റോഡിന്റെ വീതികൂട്ടൽ പ്രവൃത്തിയും തുടങ്ങിയതോടെ യാത്രാദുരിതം ഇരട്ടിയായിട്ടുണ്ട്.