മംഗളൂരു : വാഹനാപകടത്തിൽ പരിക്കേറ്റ പോലീസ് ഹോംഗാർഡിനെ ആസ്പത്രിയിൽ എത്തിച്ച് മന്ത്രി. ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ പൂജാരിയാണ് അപകടത്തിൽ പരിക്കേറ്റ യുവതിയെ തന്റെ വാഹനത്തിൽ ആസ്പത്രിയിൽ എത്തിച്ചത്.

ബുധനാഴ്ച ഉച്ചയോടെ മുൾക്കി വിജയ സന്നിധി ജംഗ്ഷനിലാണ് അപകടം. മുൾക്കി പോലീസ് സ്‌റ്റേഷനിലെ ഹോംഗാർഡ് രേണുക ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. രേണുക ഓടിച്ചിരുന്ന സ്‌കൂട്ടർ മറ്റൊരു വാഹനത്തിലിടിച്ചായിരുന്നു അപകടം.

കാലിനു സാരമായി പരിക്കേറ്റ യുവതിയെ ആ സമയം അവിടെയുണ്ടായിരുന്ന മന്ത്രി തന്റെ വാഹനത്തിൽ കയറ്റി ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു. കാലിനും തലയ്ക്കും പരിക്കേറ്റ ഹോം ഗാർഡ് രേണുക മുൾക്കി സെന്റ് ആൻസ് ആസ്പത്രിയിൽ ചികിത്സയിലാണ്.