കാസർകോട് : യാത്രക്കാരെ വീഴ്ത്തിയിരുന്ന പ്രസ് ക്ലബ്ബ് കവലയിലെ റോഡിലുണ്ടായിരുന്ന കുഴികൾ പൊതുമരാമത്ത് വകുപ്പ് അധികൃതർ നികത്തി. മഴക്കാലത്തും റോഡ് ടാർചെയ്യാൻ സാധിക്കുന്ന റെഡിമിക്സ് ടാറിങ് മിശ്രിതമുപയോഗിച്ചാണ് റോഡിലെ കുഴികളടച്ചത്. വാഹനങ്ങൾ കയറി ടാർ ഇളകി വീണ്ടും കുഴിയാവാതിരിക്കാൻ പ്ലാസ്റ്റിക്ക് ആവരണവും റോഡിൽ പതിച്ചിട്ടുണ്ട്. കുഴിയിൽ സ്ഥാപിച്ചിരുന്ന അപകടസൂചനാ ബോർഡും എടുത്തുമാറ്റി ഗതാഗതം സുഗമമാക്കി.

റോഡിന്റെ നടുവിലായി രൂപപ്പെട്ട കുഴി ചന്ദ്രഗിരി പാലം, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനയാത്രക്കാർക്ക് ഒരുപോലെ തലവേദനയായിരുന്നു. മഴ തുടങ്ങി കുഴിയിൽ വെള്ളം നിറഞ്ഞതോടെ ഇത് കുളമായി മാറി. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ റോഡിൽ വാഹനങ്ങൾ വർധിച്ചതോടെ ഇവിടെ അപകടവും പതിവായി.

അപകടം ഒഴിവാക്കാനായി സൂചനാ ബോർഡ് സ്ഥാപിച്ചെങ്കിലും ഇരുചക്ര വാഹനക്കാർ ഈ ബോർഡിൽ തട്ടി റോഡിൽ വീഴുന്നത് വലിയ ഭീഷണിയായിരുന്നു. റോഡിലെ കുഴികൾ അടച്ചെങ്കിലും കവലയിലെ കൈവരി നന്നാക്കിയിട്ടില്ല.

വാഹനാപകടത്തിലൂടെ തകർന്ന് തുരുമ്പെടുത്ത കൈവരി കാൽനടയാത്രക്കാരുടെ സഞ്ചാരം തടസ്സപ്പെടുത്തുന്ന രീതിയിൽ ചെരിഞ്ഞുകിടപ്പാണ്. ഇതിലൂടെ സഞ്ചരിക്കുന്നവരുടെ കാലിൽ കമ്പിയുരഞ്ഞ് മുറിവുണ്ടാവുന്നുണ്ട്.