കാസർകോട് : ജില്ലയിൽ 590 പേർ കൂടി കോവിഡ്. ചികിത്സയിലുണ്ടായിരുന്ന 291 പേർക്ക് നെഗറ്റീവായി. നിലവിൽ 3748 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 205 ആയി. വീടുകളിൽ 14,828 പേരും സ്ഥാപനങ്ങളിൽ 782 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 15,610 പേരാണ്. പുതുതായി 1288 പേരെ കൂടി നിരീക്ഷണത്തിലാക്കി.

സെന്റിനൽ സർവേ അടക്കം പുതുതായി 4217 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർ.ടി.പി.സി.ആർ. 2876, ആന്റിജൻ 1313, ട്രൂനാറ്റ് 28). 2715 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 1398 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

പുതുതായി ആശുപത്രികളിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 430 പേർ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. ആശുപത്രികളിൽനിന്നും കോവിഡ് കെയർ സെന്ററുകളിൽനിന്നും 293 പേരെ ഡിസ്ചാർജ് ചെയ്തു.

81681 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 77270 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ടി.പി.ആർ. 24-ന് മുകളിൽ; മധൂരും അജാനൂരും കാറ്റഗറി ഡി-യിൽ

:വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ഡൗൺ ഇളവുകൾക്ക് തദ്ദേശ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിൽ തരംതിരിച്ചു. ജൂൺ 17 മുതൽ 23വരെയുള്ള കണക്കുകളിൽ രോഗസ്ഥിരീകരണ നിരക്ക് 24 ശതമാനത്തിന് മുകളിൽ ഉള്ളതിനാൽ മധൂർ, അജാനൂർ പഞ്ചായത്തുകളെ കാറ്റഗറി ഡി വിഭാഗത്തിൽ ഉൾപ്പെടുത്തി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16നും 24നും ഇടയിലുള്ള കാറ്റഗറി സി യിൽ ചെങ്കള, ഉദുമ, പനത്തടി, കുമ്പഡാജെ, മൊഗ്രാൽ പുത്തൂർ, പള്ളിക്കര, മീഞ്ച ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടിനും 16നും ഇടയിലുള്ള കാറ്റഗറി ബി യിൽ ചെമ്മനാട്, മുളിയാർ, കോടോം-ബേളൂർ, കാഞ്ഞങ്ങാട്, പുല്ലൂർ-പെരിയ, കുമ്പള, ബദിയടുക്ക, കയ്യൂർ-ചീമേനി, നീലേശ്വരം, പടന്ന, കള്ളാർ, ബേഡഡുക്ക, മഞ്ചേശ്വരം, ഈസ്റ്റ് എളേരി, ചെറുവത്തൂർ, പുത്തിഗെ എന്നീ തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.

ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടിൽ കുറഞ്ഞ കാറ്റഗറി എ യിൽ കാസർകോട്, മടിക്കൈ, ദേലംപാടി, പൈവളിഗെ, ബളാൽ, കുറ്റിക്കോൽ, പിലിക്കോട്, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, മംഗൽപാടി, ബെള്ളൂർ, തൃക്കരിപ്പൂർ, എൺമകജെ, കാറഡുക്ക, വോർക്കാടി, വലിയ പറമ്പ് എന്നീ തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.