കാസർകോട് : ഫിഷറീസ്-സാംസ്കാരികവകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം സജി ചെറിയാൻ ശനിയാഴ്ച ജില്ലയിൽ ആദ്യമായി എത്തുകയാണ്.

സപ്തഭാഷാസാന്നിധ്യം കൊണ്ട് സംസ്ഥാനത്തിന്റെ സാംസ്കാരികഭൂപടത്തിൽ അടയാളപ്പെടുത്തിയ നാടിന് മന്ത്രിയോട് പറയാനുണ്ട് ഏറെ കാര്യങ്ങൾ. കുട്ടമത്തിന്റെയും മഹാകവി പി.യുടെയും വിദ്വാൻ പി.കേളുനായരുടെയും നാട് ഈ സർക്കാരിൽനിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

നിരവധി ഭാഷകൾ മാതൃഭാഷകളായ മറ്റൊരു പ്രദേശം കേരളത്തിലില്ല. ജില്ലയിലെ എല്ലാ ഭാഷകൾക്കും അവയിലെ സാഹിത്യ ഗവേഷണ പ്രവർത്തനങ്ങൾക്കും ഉച്ചാരണമാതൃകകൾക്കും ഇടംകിട്ടുന്ന (ദൃശ്യ-ശ്രാവ്യ സൗകര്യങ്ങളുള്ള) ഭാഷാസാഹിത്യമ്യൂസിയം സ്ഥാപിക്കണം. മ്യൂസിയത്തിന്റെ ഭാഗമായി ഭാഷകൾക്ക് അന്യോന്യം പരിചയപ്പെടാനുള്ള വിവിധ പരിപാടികൾ കാലാകാലങ്ങളിൽ നടത്താനുള്ള ഏർപ്പാടുണ്ടാവണം.

ജില്ലയിലെ വിവിധ ഭാഷകളെയും അവയുടെ പരസ്പരബന്ധത്തെയും പറ്റിയുള്ള പ്രാഥമികവിവരണമടങ്ങിയ ഒരു ലേഖനം പത്താംതരത്തിലെ മലയാളം, കന്നഡ ഒന്നാംഭാഷാ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം. അപൂർവമായ ഭാഷാസാഹോദര്യം കേരളസമൂഹത്തെ അറിയിക്കുക എന്നതാണ് ലക്ഷ്യം.

മാപ്പിളപ്പാട്ടിന്റെ ഇശൽപെരുമയുള്ള മൊഗ്രാൽ ഗ്രാമത്തിന്റെ പൈതൃകം സംരക്ഷിക്കാൻ മാപ്പിളകലാഅക്കാദമിയോ ഗവേഷണസ്ഥാപനമോ ആരംഭിക്കണം. മുൻപ്‌, ഇവിടെ മോയിൻകുട്ടി വൈദ്യർ സ്മാരകത്തിന്റെ ഭാഗമായി ഉപകേന്ദ്രം പ്രവർത്തിച്ചിരുന്നു. പിന്നീടത് പൂട്ടി.

'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’ നാടകം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് 1929 ഡിസംബറിലാണ്. അതിനുമുൻപ്, 1927-ൽ ജില്ലയിലെ മാണിയാട്ട് എന്ന സ്ഥലത്ത് വിദ്വാൻ പി.കേളുനായരുടെ സാമൂഹികനാടകമായ 'വിവേകോദയം' അവതരിപ്പിച്ചിട്ടുണ്ട്. ഇരുപതാംനൂറ്റാണ്ടിൽ കേരളത്തിലുണ്ടായ ആദ്യത്തെ സാമൂഹികനാടകങ്ങളിൽ ഒന്നാണിത്. ഈ കാര്യം പലർക്കും ഇപ്പോഴറിയില്ല. നാടകാവതരണം നടന്ന സ്ഥലത്തിന് സമീപം റോഡരികിൽ ഇക്കാര്യം സൂചിപ്പിക്കുന്ന ഒരു ഫലകം സ്ഥാപിക്കണം.

സഖാവ് പി.കൃഷ്ണപിള്ള 1930 ഏപ്രിലിൽ ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തൃക്കരിപ്പൂരിൽ അറസ്റ്റുചെയ്യപ്പെട്ട് ചന്തേര പോലീസ് സ്റ്റേഷനിൽ ഒരു ദിവസം തടവിലായിരുന്നു. ഇക്കാര്യം കാണിക്കുന്ന ഒരു ഫലകം ചന്തേര ഭാഗത്ത് സ്ഥാപിക്കണം.

കോവിഡ് കാലത്ത് കളിയാട്ടങ്ങൾ നടക്കാത്തതുകൊണ്ട് വിഷമത്തിലായ തെയ്യംകലാകാരന്മാർക്ക് അടിയന്തരമായും പ്രത്യേക സഹായധ നർത്തകരത്നം കണ്ണൻ പെരുവണ്ണാന്റെ സ്മരണയിൽ ജന്മനാടായ പിലിക്കോട്‌ പഞ്ചായത്തിലെ കൊടക്കാട് ഒരു ‘ഫോക്‌ലോർ ഗ്രാമം’ സ്ഥാപിക്കണം. അതിനുപറ്റിയ സർക്കാർഭൂമി ലഭ്യമാണ്.

വിദ്വാൻ പി.കേളുനായരുടെ സ്മരണാർഥം അദ്ദേത്തിന്റെ ജന്മനാടായ വെള്ളിക്കോത്ത് ഒരു സ്മാരകം നിർമിക്കണം. മുൻപ്‌ പലതവണ ബജറ്റിൽ തുക വകയിരുത്താറുണ്ടെങ്കിലും ഇതുവരെ സ്മാരകം ഉയർന്നില്ല.

പല ഭാഷകളിലാണ് ജില്ലയിലെ സ്ഥലനാമങ്ങൾ. ഇത് കണ്ടെത്താൻ സമഗ്ര സർവേ നടത്തി വാക്കുകൾ ക്രോഡീകരിച്ച് സാഹിത്യഅക്കാദമിയുടെ ഉത്തരവാദിത്തത്തിൽ സമഗ്രമായ സ്ഥലനാമ ചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കണം.

കയ്യൂർ സമരചരിത്രം വിശദമാക്കുന്ന ഒരു സ്ഥിരം പ്രദർശനശാല കയ്യൂരിൽ സ്ഥാപിക്കണം.

മടിക്കൈ ഗ്രാമപ്പഞ്ചായത്തിൽ സ്ഥാപിക്കുന്ന സാംസ്കാരികസമുച്ചയത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ജില്ലയിലെ കലാസാഹിത്യകാരൻമാരുടെ അഭിപ്രായം തേടണം.

സമുച്ചയത്തിന്റെ കെട്ടിടം പൂർത്തിയായാൽ തുടർ പ്രവർത്തനങ്ങൾക്കായി കലാസാഹിത്യപ്രവർത്തകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന കാര്യക്ഷമമായ ഒരു സമിതിക്ക് രൂപം നൽകണം.

കെട്ടിടം മാത്രമായി നിൽക്കുന്ന അവസ്ഥ ഒഴിവാക്കി ഉദ്ഘാടനത്തിന് മുൻപുതന്നെ ഈ നിർവാഹകസമിതി ഉണ്ടാവണം.

എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ഭാഗമായി വൃത്തിയായി സംരക്ഷിക്കപ്പെടുന്ന തുറന്ന ഓഡിറ്റോറിയം (ആംഫി തിയേറ്റർ) നിർമിക്കണം.