കാസർകോട്: ദിവസം 15 കിലോമീറ്റർ ഓടുന്ന, മാരത്തൺ ഓട്ടക്കാരന്റെ ശരീരഭാഷയുള്ള പോലീസ് മേധാവി വൈ. അനിൽ കാന്തിന് മുന്നിൽ ഓടിത്തളരുന്ന ജില്ലയിലെ പോലീസിന്റെ വേദനകളുടെ പുസ്തകം തുറക്കുകയാണിവിടെ.

500 പേർക്ക് ഒരു പോലീസുകാരൻ എന്നതാണ് നമ്മുടെ നയം. എന്നാൽ, അറിയുക കാസർകോട്ട് അയ്യായിരം പേർക്കുപോലും ഒരു പോലീസുകാരനില്ല. 1984-ൽ ജില്ല പിറവിയെടുക്കുമ്പോൾ പ്രഖ്യാപിച്ച പോലീസ് തസ്തികയാണ് ഇപ്പോഴും സ്റ്റേഷനുകളിലുള്ളത്. നാടെത്ര മാറിയെന്നും ജനസംഖ്യയെത്ര കൂടിയെന്നും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.

1031 സിവിൽ പോലീസ് ഓഫീസർമാർ വേണ്ടിടത്ത് ഉള്ളത് 1006 പേർ മാത്രം. വനിതാ സിവിൽ പോലീസ് ഓഫീസർമാരുടെ 127 തസ്തികയുണ്ടെങ്കിലും 87 പേരാണുള്ളത്. എസ്.ഐ.മാരുടെ 21 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

45 എസ്.ഐ.മാർ മാത്രമാണ് ഇവിടെയുള്ളത്. പോലീസ് ഡ്രൈവർമാരുടെ തസ്തികയും ഒഴിഞ്ഞുകിടക്കുന്നുണ്ട്. ജില്ലയിലെ പോലീസുകാരുടെ ക്ഷേമം നോക്കേണ്ട ജില്ലാ പോലീസ് കാര്യാലയത്തിൽ മൂന്ന് ജൂനിയർ സൂപ്രണ്ടുമാരും 24 ക്ലാർക്കുമാരും മാത്രമാണുള്ളത്.

ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രഭാകരൻ കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പോലീസ് സേനയെക്കുറിച്ച് പലതും എഴുതിവെച്ചിട്ടുണ്ട്. അതിൽ എന്തൊക്കെ നടപ്പാക്കിയെന്നും എന്തൊക്കെ നടപ്പാക്കാമെന്ന് ഒന്ന് മറിച്ചുനോക്കിയാൽ നന്നായിരുന്നു.

വനിതാ പോലീസ് സ്റ്റേഷനും സൈബർ സ്റ്റേഷനും

: സൈബർ കുറ്റകൃത്യങ്ങളും വനിതകൾക്ക് നേരേയുള്ള അതിക്രമങ്ങളും വർധിക്കുന്ന കാലത്ത് ഇതിന് രണ്ടിനുമായി രണ്ട് സ്റ്റേഷനുകൾ ജില്ലയിലും തുറന്നെന്ന വാർത്ത ഏറെ പ്രതീക്ഷയുണർത്തുന്നതായിരുന്നു. എന്നാൽ, രണ്ടിന്റെയും അവസ്ഥ ഒന്ന് അറിയേണ്ടതുണ്ട്. പഴയ സൈബർ സെൽ തന്നെയാണ് ഇപ്പോഴത്തെ സൈബർ സ്റ്റേഷൻ എന്ന് പറഞ്ഞാൽ തെറ്റാകില്ല. ഒരു ജീവനക്കാരനെപോലും അധികം അനുവദിക്കാതെയും ഒരു ആധുനിക സൗകര്യംപോലും അധികമായി ഒരുക്കാതെയും സെല്ലിനെ എങ്ങനെ സ്റ്റേഷനാക്കാമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണത്. കള്ളന്മാർക്ക് പിന്നിലല്ല, മുന്നിൽ ഓടുന്നവരായിരിക്കണം പോലീസുകാർ. അതിന് അവർക്ക് വേണ്ടത് അത്യാധുനിക സൗകര്യങ്ങളാണ്. അത് ഒരുക്കിക്കൊടുക്കുന്നിടത്താണ് മേലധികാരികളുടെ വിജയം.

മുറിക്കുമോ മഞ്ചേശ്വരം

:അഞ്ച് പഞ്ചായത്തുകളിലെ 27 വില്ലേജുകൾ പരിധിയിടുന്ന മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ വിഭജിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ഒരുപക്ഷേ, മഞ്ചേശ്വരത്തല്ലാതെ കേരളത്തിൽ എവിടെയും 35 കിലോമീറ്റർ പരിധിയുള്ള പോലീസ് സ്റ്റേഷൻ ഉണ്ടാകണമെന്നില്ല. കർണാടകവുമായി അതിർത്തി പങ്കിടുന്ന സ്റ്റേഷൻ എല്ലാംകൊണ്ടും വിയർക്കുകയാണ്.

ബേക്കൽ പോലീസ് സ്റ്റേഷൻ വിഭജനത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന ആവശ്യവും ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് ചന്തേര പോലീസ് സ്റ്റേഷൻ വിഭജിക്കണമെന്നും ആവശ്യമുണ്ട്.

പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ

: നീലേശ്വരം, കുമ്പള, ആദൂർ ഉൾപ്പെടെ പഴകിയ പോലീസ് സ്റ്റേഷനുകളിലേക്കും ഡി.ജി.പി.യുടെ കണ്ണെത്തേണ്ടതുണ്ട്.

ഏത് നിമിഷവും തകർന്നുവീഴാവുന്ന ചോർന്നൊലിക്കുന്ന കെട്ടിടങ്ങളിലാണ് പോലീസുകാർ ജോലി ചെയ്യുന്നത്. കേസെഴുതാൻ മേശയും കസേരയും എന്തിന് വിശ്രമിക്കാൻ നല്ലൊരു മുറിപോലും പലയിടങ്ങളിലുമില്ല.

കാസർകോട്, വെള്ളരിക്കുണ്ട്, കുമ്പള സ്റ്റേഷനുകളിൽ പോലീസ് ക്വാർട്ടേഴ്‌സില്ല.

ജില്ലാതലത്തിൽ ആധുനികസൗകര്യങ്ങളോടുകൂടിയുള്ള പോലീസ് പരിശീലനകേന്ദ്രം തുടങ്ങണമെന്ന ആവശ്യവുമുണ്ട്.

ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധാലുവായ ഡി.ജി.പി. അറിയേണ്ടുന്ന മറ്റൊരു കാര്യമാണ് ജില്ലയിലെ പോലീസിന് അതിനായുള്ള സംവിധാനം ഇല്ലെന്നത്. പല ജില്ലകളിലും പോലീസിന് സ്വന്തമായി ജിമ്മുകൾ ഉണ്ട്.

കാസർകോട്ടെ പോലീസുകാർ അതിന് സ്വകാര്യ ജിമ്മുകളെയാണ് ആശ്രയിക്കുന്നത്. ആദ്യംമുതൽ അവസാനംവരെ ഒരേ വേഗത്തിൽ ഓടുന്ന അനിൽ കാന്തിൽനിന്ന് അതേ വേഗത്തിലുള്ള നടപടികളാണ് ജില്ല പ്രതീക്ഷിക്കുന്നത്.

അദാലത്ത് ഇന്ന്

കാസർകോട് : സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് വ്യാഴാഴ്ച ജില്ലയിലെ പൊതുജനങ്ങളിൽനിന്ന്‌ നേരിട്ട് പരാതി കേൾക്കുന്നു. ജില്ലാ പോലീസ് ഓഫീസിൽ രാവിലെ 10 മുതൽ പൊതുജനങ്ങൾക്ക് പോലീസ് മേധാവിയെ നേരിട്ടുകണ്ട് പരാതി അറിയിക്കാം. ഫോൺ: 9497976013, 9497990141.