ചിറ്റാരിക്കാൽ : നിർമാണത്തിലെ മെല്ലെപ്പോക്കും ഒരാഴ്ചയായി പെയ്യുന്ന വേനൽമഴയും മലയോരത്തെ റോഡുകളിലെ യാത്ര ദുരിതമാക്കുന്നു. ചിറ്റാരിക്കാൽ-കുന്നുംകൈ, ബോംബെ മുക്ക്-ചിറ്റാരിക്കാൽ, നല്ലോമ്പുഴ -കാക്കടവ്, നല്ലോമ്പുഴ-പാലാവയൽ, ചിറ്റാരിക്കാൽ-ഭീമനടി തുടങ്ങിയ റോഡുകളാണ് വേനൽമഴയെത്തുടർന്ന് ചെളിക്കുളമായത്.

മാർച്ച് 31-ന് പണി പൂർത്തിയാക്കേണ്ട പെരളം-ചിറ്റാരിക്കാൽ റോഡിന്റെ ഭാഗമായ ബോംബെമുക്ക്-ചിറ്റാരിക്കാൽ റോഡ് പണി ഇഴഞ്ഞുനീങ്ങുകയാണ്. റോഡിലെ വീതികൂട്ടലും ഓവുചാൽ നിർമാണവും ആരംഭിച്ചതേയുള്ളു. ചിറ്റാരിക്കാൽ-കുന്നുംകൈ, ചിറ്റാരിക്കാൽ-ഭീമനടി, നല്ലോമ്പുഴ-പാലാവയൽ, നല്ലോമ്പുഴ-കാക്കടവ് എന്നീ റോഡുകളുടെ പണിയും ഇഴഞ്ഞുനീങ്ങുന്നു.

മൺപണി നടത്തിയതിനാൽ ഈ റോഡുകളിൽ കാൽനടപോലും അസാധ്യമാണ്‌. പണി പൂർത്തിയാകുന്ന മലയോരഹൈവേയുടെ ഭാഗമായ ചിറ്റാരിക്കാൽ ടൗണിലും പെരളം-കടുമേനി റോഡിലും ഓവുചാൽ നിർമാണം പൂർത്തിയായിട്ടില്ല.

റോഡരികിലെ വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാത്തതിനാൽ പലസ്ഥലത്തും ഓവുചാലുകൾ ഭാഗികമാണ്.

ശക്തമായ വേനൽമഴയിൽ വെള്ളം കുത്തിയൊലിച്ച്, പൂർത്തിയാകുന്ന റോഡുകൾപോലും തകരാൻ തുടങ്ങി. ചിറ്റാരിക്കാൽ ടൗണിലെ കുരിശുപള്ളിക്ക് സമീപത്തെ റോഡുകൾ മഴയിൽ തകർന്നിട്ടുണ്ട്.