ഉദുമ : ഗതകാലസ്മരണകൾ ഉണർത്തുന്ന ചുമടുതാങ്ങികൾ വിസ്മൃതിയിലേക്ക്. ചക്രങ്ങളുടെ കാലഘട്ടം വരുന്നതിന് മുൻപ് സാധനങ്ങൾ തലച്ചുമടായി കടത്തിയിരുന്നവർക്ക് അത്താണിയായിരുന്നു വഴിയരികിലെ ചുമടുതാങ്ങികൾ. വാഹനങ്ങൾ അന്യമായ കാലത്ത് ചുമടുമായി പോകുന്ന തൊഴിലാളികൾ മടുക്കുമ്പോൾ ഒന്നരമീറ്റർ ഉയരമുള്ള ചുമടുതാങ്ങിക്ക്‌ മുകളിൽ ചുമടിറക്കിയശേഷം വിശ്രമിക്കുമായിരുന്നു. ക്ഷീണം അകറ്റിയശേഷം പരസഹായം കൂടാതെ ചുമട് തലയിലേറ്റി യാത്ര തുടരാൻ ചെത്തുകല്ലുപയോഗിച്ച്‌ നിർമിച്ചിരിക്കുന്ന ചുമടുതാങ്ങികൾ ഉപകരിച്ചിരുന്നു. പള്ളിക്കര പനയാൽ എസ്.എം.എ.യു.പി. സ്കൂളിനു മുന്നിലെ റോഡരികിൽ ഇത്തരത്തിലുള്ള ഒരു ചുമടുതാങ്ങിയുണ്ട്. ഗ്രാമത്തിലെ കരപ്രമാണിമാരാണ് അക്കാലത്ത് പലയിടത്തും ഇവ നിർമിച്ചതെന്ന്‌ പറയുന്നു. പനയാൽ ഗ്രാമത്തിൽ പഴയ പ്രമാണിമാർ സ്വന്തം ഭൂമിയിലും പൊതുസ്ഥലങ്ങളിലും നിർമിച്ചിട്ടുള്ള ചുമടുതാങ്ങികൾ ഇപ്പോൾ സംരക്ഷണമില്ലാതെ നാശിച്ചുകൊണ്ടിരിക്കുകയാണ്.