കാസർകോട് : കാസർകോട്ടുകാർക്ക് പ്രഭാത സവാരിക്ക് മാതൃകാ വീഥിയൊരുങ്ങുന്നു. നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂൾ മുതൽ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഔദ്യോഗിക വസതിവരെയുള്ള പാതയാണ് റോളർ സ്കേറ്റിങ് പരിശീലനസൗകര്യത്തോടെ മിനുക്കിയെടുക്കുന്നത്. റോളർ സ്കേറ്റിങ് പരിശീലന സൗകര്യത്തോടെയുള്ള പാതയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. 250 മീറ്ററിലാണ് റോഡ് നവീകരണം. നവീകരിക്കുന്ന പാതയുടെ അരികുകളിൽ തണൽവിരിക്കാൻ അശോക മരവും തളിർക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അശോക മരങ്ങളുടെ നടീൽ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ എന്നിവരും തൈകൾ നട്ടു.

ജില്ലാ പഞ്ചായത്ത് പദ്ധതിയിലാണ് പാത നവീകരണം. നടപ്പാതകളിൽ ഇന്റർലോക്ക് പാകും. സ്പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെയാണ് സ്കേറ്റിങ് സൗകര്യം ഒരുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് ഇവിടെ ആസൂത്രണംചെയ്തിട്ടുള്ളത്. പരമ്പരാഗത കായിക ഇനങ്ങൾക്കൊപ്പം മറ്റു കായിക മേഖലയിൽ കൂടി കുട്ടികൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി.

രാവിലെ ആറ് മുതൽ എട്ട്‌വരെയും വൈകീട്ട് ആറ് മുതൽ എട്ട് വരെയും റോളർസ്കേറ്റിങ് പരിശീലനം നൽകും. പൊതു ഇടങ്ങൾ കൂടുതൽ സൃഷ്ടിക്കാനുള്ള സർക്കാരിന്റെ പദ്ധതികളുടെ ഭാഗമാണ് മാതൃകാ വീഥി.