കുറ്റിക്കോൽ : കുറ്റിക്കോൽ-കാനത്തൂർ-ബോവിക്കാനം റോഡിൽ അവസാന പാളിയായ ബിറ്റുമിൻ കോൺക്രീറ്റ് വ്യാഴാഴ്ച ആരംഭിക്കും. അവസാനഘട്ടപ്രവൃത്തി തുടങ്ങുംമുൻപ് ചെയ്തുതീർക്കേണ്ട ജോലികൾ പൂർത്തീകരിക്കാതെയാണ് ധൃതിപിടിച്ച് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നത്. ജല അതോറിറ്റി, വൈദ്യുതിവകുപ്പ് എന്നിവ ചെയ്യേണ്ട പ്രവൃത്തികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. ബേത്തൂർപാറ ടൗണിൽ ഇരുവശങ്ങളിലും ഓവുചാലിനായി വലിയ കുഴികളുണ്ടാക്കിയിട്ട് രണ്ട് മാസത്തിലധികമായി. ഇതുമൂലം ജനങ്ങൾ സാധനങ്ങൾ വാങ്ങാൻ കടകളിലേക്ക് ചുറ്റിവളഞ്ഞാണ് പ്രവേശിക്കുന്നത്. പരപ്പ ജങ്‌ഷനടുത്ത് അപകടകരമായ കയറ്റത്തിൽ ക്രാഷ് ഗാർഡ് നിർമിക്കുകയോ പാർശ്വഭിത്തിനിർമാണം പൂർത്തീകരിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, സ്കൂളിനുമുകൾഭാഗം തട്ട് പ്രദേശത്ത് കുഴിയെടുത്ത് പാർശ്വഭിത്തി നിർമിക്കുകയും ചെയ്തിട്ടുണ്ട്.
വൈദ്യുതത്തൂണുകൾ മാറ്റിയില്ല
റോഡിൻ്റെ നടുവിലും അരികുചേർന്നും ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുതത്തൂണുകൾ ഇതുവരെയായും മാറ്റിയില്ല. പൊതുമരാമത്ത് വകുപ്പ് പണമടയ്ക്കുന്ന മുറയ്ക്ക് തൂണുകൾ മാറ്റുമെന്നാണ് വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഉണുപ്പംകല്ലിൽ അപകടാസ്ഥയിലുണ്ടായിരുന്ന വൈദ്യുതത്തൂണുകൾ ‘മാതൃഭൂമി’ വാർത്തയെത്തുടർന്ന് വൈദ്യുതിവകുപ്പ് മാറ്റിത്തുടങ്ങി. കിഫ്ബിയിൽനിന്ന് പണം ലഭിച്ചാലുടൻ വൈദ്യുതിവകുപ്പിനും ജല അതോറിറ്റിക്കും പണം നൽകുമെന്ന് പൊതുമരാമത്തധികൃതർ അറിയിച്ചു.
റോഡ് ‘ബാങ്കിങ്’ ചെയ്തില്ല.
മെക്കാഡം ടാർ ചെയ്യുന്ന റോഡുകളിലെ വളവുകളിൽ ശാസ്ത്രീയമായി ‘ബാങ്കിങ്’ ചെയ്യണം. അല്ലെങ്കിൽ റോഡിന്റെ മിനുസം വർധിക്കുന്നതോടെ അപകടസാധ്യത കൂടും. വലതുവശത്തേക്കാണ് വളവെങ്കിൽ ഇടതുഭാഗം ഉയർത്തി വലതുഭാഗം താഴ്ത്തി ടാർചെയ്യുന്ന രീതിയെയാണ് ‘ബാങ്കിങ് ഓഫ് റോഡ്’ എന്ന് പറയുക. കുറ്റിക്കോൽ-കാനത്തൂർ-ബോവിക്കാനം റോഡിൽ ഇത് പരിഗണിച്ചിട്ടില്ല. ഇരുവശങ്ങളും തുല്യഅളവിലാണ് ഇവിടെ ടാർ ചെയ്തിരിക്കുന്നത്.വീണ്ടും വെട്ടിപ്പൊളിക്കാൻ വഴിയൊരുക്കുന്നവിധം ആവശ്യമായ പണികൾ പൂർത്തിയാക്കുംമുൻപ് കുറ്റിക്കോൽ-കാനത്തൂർ-ബോവിക്കാനം റോഡിന്റെ ബിറ്റുമിൻ കോൺക്രീറ്റ് ഇന്ന് തുടങ്ങും
ജല അതോറിറ്റി ഇനി ഏതു വഴി പൈപ്പിടും?
:കുറ്റിക്കോൽ ടൗൺ മുതൽ മഹാവിഷ്ണു ക്ഷേത്രം വരെ റോഡിൻ്റെ ഇരുവശവും കോൺക്രീറ്റ് ചെയ്ത് പൂർത്തീകരിച്ചു. എന്നാൽ, നിർമാണസമയത്ത് എടുത്തുകളഞ്ഞ ജലഅതോറിറ്റിയുടെ പൈപ്പ് ലൈനുകൾ പുനഃസ്ഥാപിച്ചിട്ടില്ല. ഇനി പൈപ്പ് സ്ഥാപിക്കാൻ ഒന്നുകിൽ കോൺക്രീറ്റ് ചെയ്ത ഭാഗം ഇളക്കിമാറ്റുകയോ അല്ലെങ്കിൽ ഓവുചാലിൽ സ്ഥാപിക്കുകയോമാത്രമേ വഴിയുള്ളൂ. കോൺക്രീറ്റ് പൊളിച്ച് സ്ഥാപിക്കുകയാണെങ്കിൽ ഇതുവരെ ചെയ്ത പ്രവൃത്തികൾ വെറുതെയാവും. ഓവുചാലിലൂടെ പൈപ്പിട്ടാൽ മഴക്കാലത്ത് ഓടനിറഞ്ഞ് വെള്ളം റോഡിലൂടെ പോകാൻ സാധ്യതയുണ്ട്. കുറ്റിക്കോൽ മുതൽ വട്ടംതട്ട വരെ ആറ് കിലോമീറ്റർ നീളത്തിലാണ് പൈപ്പ് ലൈനുകൾ നീക്കംെചയ്തത്. ഇതിൽ പകുതി ഭാഗത്തോളം കോൺകീറ്റ് ചെയ്തുകഴിഞ്ഞു. ഇത് മുഴുവൻ പൊട്ടിപ്പൊളിച്ച് മാത്രമേ ഇനി പൈപ്പിടാനാകൂ. പൊതുമരാമത്ത് വകുപ്പ് പണമടയ്ക്കാത്തതു കൊണ്ടാണ് പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാത്തതെന്നാണ് ജല അതോറിറ്റിയുടെ വാദം.