ചെറുവത്തൂർ : മടക്കര തുറമുഖത്ത് യന്ത്രവത്കൃത മീൻപിടിത്ത ബോട്ടുകളിലെ തൊഴിലാളികൾക്ക് മീൻ ഇറക്കി കച്ചവടം നടത്താൻ കഴിയുന്നില്ലെന്ന് ആക്ഷേപം. ലാൻഡിങ് സ്ഥലത്ത് ചെറുവള്ളങ്ങൾ അടുപ്പിക്കുകയും അതിനോട് ചേർന്ന വാർഫിൽ ഒരു വിഭാഗം തൊഴിലാളികൾ മീൻ വേർതിരിക്കാനും തുടങ്ങിയതോടെയാണ് ബോട്ടുകൾക്ക് അടുപ്പിക്കാനും മീൻ ഇറക്കാനും സാധിക്കാത്ത സാഹചര്യമുണ്ടായത്.

കടലിൽനിന്നും മീനുമായെത്തി ഇറക്കാൻ കഴിയാത്ത സാഹചര്യത്തിൽ തിരിച്ച് പോകേണ്ട അവസ്ഥയിലാണ് ബോട്ടുകൾ. ചൊവ്വാഴ്ച മടക്കരയിൽ മീൻ ഇറക്കാൻ സാധിക്കാതെ ഏതാനും ബോട്ടുകൾ തൈക്കടപ്പുറത്തേക്ക് തിരിച്ചുപോയി. എല്ലാവിഭാഗം തൊഴിലിലാളികൾക്കും തൊഴിലെടുക്കാൻ സൗകര്യമൊരുക്കേണ്ട ഫിഷറീസ് വകുപ്പ് അധികൃതരും ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റിയും കാഴ്ചക്കാരായി മാറിനിൽക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.