കാസർകോട് : പ്ലാന്റേഷൻ കോർപ്പറേഷൻ ഗോഡൗണുകളിലുള്ള എൻഡോസൾഫാൻ അവിടെനിന്ന്‌ നീക്കി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് നിർവീര്യമാക്കണമെന്നപേക്ഷിച്ച് മുഖ്യമന്ത്രിക്ക് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ തുറന്ന കത്ത്.

കേരള കാർഷിക സർവകലാശാലയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് സുതാര്യതയോ കൂടിയാലോചനകളോ ഇല്ലാതെ എൻഡോസൾഫാൻ സംസ്കരിക്കാനുള്ള ധൃതിപിടിച്ച നീക്കം പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒട്ടേറെ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും മുന്നണി ചൂണ്ടിക്കാട്ടുന്നു.

ജില്ലാ ഭരണകൂടം ആശ്രയിക്കുന്ന കാർഷികസർവകലാശാലയ്ക്ക് എൻഡോസൾഫാൻ പോലുള്ള മാരക കീടനാശിനി കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ വൈദഗ്ധ്യം ഇല്ല.

നിയമപരമായ അംഗീകാരവുമില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള സ്ഥാപനവുമല്ല കാർഷിക സർവകലാശാല. ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ആധുനിക സംസ്കരണ പ്ലാന്റുകളിലേക്ക് നീക്കി എൻഡോസൾഫാൻ സംസ്കരിക്കുന്നതിനായിരുന്നു നേരത്തേ ധാരണയുണ്ടായിരുന്നത്.

അന്താരാഷ്ട്രതലത്തിലുണ്ടാക്കിയ കരാറുകൾ മാനിച്ച്‌ ഭരണഘടനാനുസൃതമായ നിയമങ്ങളിലൂടെ പ്രവർത്തിക്കേണ്ട ജില്ലാഭരണകൂടം നിയമങ്ങളെ അട്ടിമറിക്കുന്ന രീതിയിൽ പെരുമാറുന്നത് പ്രതിഷേധാർഹമാണ്.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ആവശ്യമായ പുതിയ രാസപരിശോധനകൾ നടത്തി ഉചിതമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെയും അന്താരാഷ്ട്ര ഏജൻസികളുടെയും സഹകരണം ഉറപ്പുവരുത്തി എൻഡോസൾഫാൻ ഗോഡൗണുകളിൽ നിന്ന് നീക്കി നിർവീര്യമാക്കാൻ സുതാര്യമായ നടപടികൾ സ്വീകരിക്കണമെന്നും ജനകീയ മുന്നണി കത്തിൽ അഭ്യർഥിക്കുന്നു.

ഉന്നതതല യോഗം ഇന്ന്

: എൻഡോസൾഫാൻ ശേഖരം നിർവീര്യമാക്കുന്നതിന് മുന്നോടിയായി കളക്ടർ വിളിച്ചുചേർത്ത ഉന്നതതലയോഗം ബുധനാഴ്ച നടക്കും.

കീടനാശിനി നിർവീര്യമാക്കുന്നത് സംബന്ധിച്ചുയർന്ന ആശങ്ക പരിഹരിക്കാനാണ് കളക്ടർ സ്വാഗത് ആർ.ഭണ്ഡാരിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരിക്കുന്നത്.

പ്ലാന്റേഷൻ കോർപ്പറേഷന്റ മൂന്ന് ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള 1438 ലിറ്റർ എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് യോഗം.

ഗോഡൗണുകളിൽ നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി

കാസർകോട് : നിരോധനത്തെ തുടർന്ന് പെരിയ, രാജപുരം, ചീമേനി കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ ഗോഡൗണുകളിൽ രണ്ട്‌ പതിറ്റാണ്ടായി സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ അശാസ്ത്രീയമായി നിർവീര്യമാക്കാനുള്ള നീക്കം തടയാൻ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി യോഗം തീരുമാനിച്ചു.

എൻഡോസൾഫാൻ മൂലം ഒരുതരത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ടാവില്ലെന്ന് പറഞ്ഞുനടക്കുന്നവർ ആരുമറിയാതെ 40 ലക്ഷം രൂപ ചെലവഴിക്കാനുള്ള പദ്ധതി തീരുമാനിച്ചതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം.

എൻഡോസൾഫാൻ പച്ചവെള്ളം പോലെ കുടിക്കാമെന്ന് പ്രചരിപ്പിക്കുന്നതിനുപിന്നിൽ ശാസ്ത്രബോധമല്ല കമ്പനി താത്‌പര്യമാണ് വെളിവാകുന്നതെന്ന് യോഗം വിലയിരുത്തി.

മുനീസ അമ്പലത്തറ അധ്യക്ഷയായിരുന്നു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഡോ. അംബികാസുതൻ മാങ്ങാട്, കെ.കൊട്ടൻ, ടി.വി.രാജേന്ദ്രൻ, പ്രേമചന്ദ്രൻ ചോമ്പാല, ഗോവിന്ദൻ കയ്യൂർ, കെ.ചന്ദ്രാവതി, ബി.മിസിരിയ, എം.പി.ജമീല എന്നിവർ സംസാരിച്ചു.