വെള്ളരിക്കുണ്ട്‌ : അതിർത്തിഗ്രാമങ്ങളിലെ ആയിരക്കണക്കിന് കുട്ടികൾ ആദ്യക്ഷരം കുറിച്ച കസബയിലെ വിദ്യാലയകെട്ടിടം ഇനി ഓർമ. വിദ്യാലയത്തിന്റെ ആറുപതിറ്റാണ്ട് പഴക്കമുള്ള കെട്ടിടം പൊളിച്ചുതുടങ്ങി. ഏകാധ്യാപക പാഠശാലയായി തുടങ്ങിയ സ്കൂൾ ഇന്ന് ഹയർസെക്കൻഡറിയാണ്.

ഓടുമേഞ്ഞ ഒറ്റഹാൾ കെട്ടിടം ജീർണാവസ്ഥയിലായതോടെയാണ് പൊളിക്കാൻ തീരുമാനിച്ചത്. സ്കൂളിലെ കലോത്സവങ്ങൾ നടന്നിരുന്നത് ഈ ഹാളിലായിരുന്നു. പുസ്തകവിതരണവും ഇവിടെയായിരുന്നു. തൊട്ടടുത്ത പഴയ കെട്ടിടത്തിൽ ഓഫീസും അധ്യാപകരുടെ വിശ്രമുറിയും.

പുല്ലും ഓലയുംകൊണ്ട്‌ മേഞ്ഞ താത്കാലിക ഷെഡ്ഡുകളിലും ക്ലാസുകൾ നടത്തിവന്നതും പഴയ തലമുറ ഓർക്കുന്നു. 1977 മുതൽ ഏതാനുംവർഷം എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ ഇവിടെ അധ്യാപകനായിരുന്നു. 24-ാം പതിപ്പിറങ്ങിയ ‘ആയുസ്സിന്റെ പുസ്തകം’ എന്ന നോവലിന്റെ പിറവി കസബയിലെ അനുഭവങ്ങളിൽനിന്നായിരുന്നു. കളമെഴുത്തിൽ പ്രദേശത്തെ ആദിവാസി ഗോത്രവിഭാഗങ്ങളുടെ ജീവിതവും കലയും ആചാരാനുഷ്ഠാനങ്ങളുമെല്ലാം വിഷയമായി. ഏതാനും വർഷംമുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കസബയിലെ കഥകൾ സി.വി.ബാലകൃഷ്ണൻ എഴുതിയിരുന്നു.

1954-ലാണ് കർണാടക അതിർത്തിയിലെ കേരളഗ്രാമമായ മാലോത്ത് കസബയിൽ ഏകാധ്യാപക പാഠശാല തുടങ്ങിയത്. പരേതനായ തോട്ടത്തിൽ ശങ്കരൻ നായരാണ് സ്ഥലം സൗജന്യമായി നൽകിയത്. ശങ്കരൻ നായരുടെ മകൻ പി.എസ്.ദാമോദരൻ നായരായിരുന്നു ആദ്യ അധ്യാപകൻ.