കാസർകോട് : മഞ്ചേശ്വരം താലൂക്ക് പരാതി പരിഹാര അദാലത്തിൽ 14 പരാതികളിൽ നടപടി. കാസർകോട് ഗവ. അന്ധവിദ്യാലയത്തിൽ പ്ലസ് വൺ പ്രവേശനം ലഭിച്ച മകന് താമസിച്ച് പഠിക്കാൻ ഹോസ്റ്റൽ സൗകര്യം ആവശ്യപ്പെട്ട് കൊടിയമ്മയിലെ ജയന്തി സമർപ്പിച്ച അപേക്ഷയിൽ സർക്കാരിന്റെ പ്രത്യേക അനുമതി നേടിയിട്ടുണ്ട്. ഗവ. അന്ധവിദ്യാലയത്തിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് താമസിക്കുന്നതിന് അനുമതിയുള്ളത്.
എൻഡോസൾഫാൻ ദുരിതബാധിതരെ പരിചരിക്കാനായി സർക്കാർ നൽകിവരുന്ന ആശ്വാസകിരണം പെൻഷൻ മൂന്നുവർഷമായി ലഭിക്കുന്നില്ലെന്ന പരാതിയുമായാണ് കുഞ്ചത്തൂരിലെ സറീന അദാലത്തിനെ സമീപിച്ചത്. 2017 ഏപ്രിൽമുതൽ ഓഗസ്റ്റ് വരെ അയച്ച ധനസഹായമായ 3000 രൂപ മടങ്ങിവന്നതായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ അറിയിച്ചു. തുടർന്ന്, ഇതുവരെ ലഭിക്കാനുള്ള മുഴുവൻ തുകയും ഉടൻ ഗുണഭോക്താവിന്റെ അക്കൗണ്ടിൽ ലഭ്യമാക്കാൻ കളക്ടർ നിർദേശം നൽകി. കളക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷനായി. എ.ഡി.എം. എൻ. ദേവീദാസ്, മഞ്ചേശ്വരം തഹസിൽദാർ എം.ജെ. ഷാജുമോൻ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംബന്ധിച്ചു.
കാസർകോട് താലൂക്ക് അദാലത്ത് ഫെബ്രുവരി ഒന്നിന്
കാസർകോട് : 28-ന് നടത്താനിരുന്ന കാസർകോട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെ നടക്കും. കുടിവെള്ളം, വൈദ്യുതി, പെൻഷൻ, തദ്ദേശ സ്വയംഭരണം, ആരോഗ്യവകുപ്പ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിക്കുക.