ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണി. പൈവളിഗെ ടൗണിലെ ശ്രീവിലാസ് ഹോട്ടലിന്റെ അടുക്കളയിലേക്ക് നേരെ കയറിച്ചെന്ന് ഒരാൾ ചോദിച്ചു. “ഒരു ചായ തരുമോ?” മൊബൈൽ തോളത്തുവെച്ച് ചെവിയോടുചേർത്ത് ആരോടോ സംസാരിക്കുകയായിരുന്നു ഹോട്ടലുകാരൻ മാധവൻ. ചോദ്യംകേട്ട് അദ്ദേഹം തിരിഞ്ഞുനോക്കി. കണ്ണ് ഒന്നുകൂടി അടച്ചുതുറന്നു. അത്ഭുതം വിട്ടുമാറാതെ സൂക്ഷിച്ചുനോക്കി.
“ഇത്?”
“എന്നെ അറിയുമോ?”
“പിന്നെ അറിയാതെ.”
“ആരാ?”
“സതീഷ് ചന്ദ്രൻ”
“ചായമാത്രം പോര, എനിക്ക് വോട്ടും ചെയ്യണം.”
“അത് നിങ്ങക്കുതന്നെ. നേരത്തേ തീരുമാനിച്ചതാ.”
‘‘എന്നാ ചായ തന്നേക്ക്’’ എന്നുപറഞ്ഞ് കസേരയിലിരുന്നു കെ.പി.സതീഷ് ചന്ദ്രൻ എന്ന കാസർകോട് പാർലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി. കന്നട കലർന്ന മലയാളത്തിൽ മാധവൻ ചൂടുദോശ മുതൽ പലയിനം പലഹാരങ്ങളുടെ പേര് പറഞ്ഞു. കറക്കിക്കുത്തി ചൂടുദോശയിൽ ഉറപ്പിച്ചു. ഒന്നുമതിയെന്ന് പ്രത്യേകം പറഞ്ഞു. അത് കഴിഞ്ഞപ്പോൾ ഒന്നുകൂടി വേണമെന്നായി. ഇതിനിടയിൽ അടുത്തിരുന്നവരോട് കുശലാന്വേഷണം. കൂടെവന്നവരൊക്കെ ചായകുടിച്ചുവെന്ന് ഉറപ്പുവരുത്തി. ഇറങ്ങാൻനേരം ഒന്നുകൂടി കൈപിടിച്ച് കുലുക്കുമ്പോൾ മാധവൻ പറഞ്ഞു. “ഇങ്ങളെ പണ്ടേ അറിയാം. പലവട്ടം ഇവിടെവന്ന് ചായകുടിച്ചിട്ടുണ്ട്. എനിക്ക് നല്ല ഓർമയുണ്ട്.” എന്നിട്ട് കൂടെയുള്ളവരോട് കൂട്ടിച്ചേർത്തു: ‘‘മുപ്പരുതന്നെ ജയിക്കും’’.
ഉറച്ച ആത്മവിശ്വാസത്തോടെ സതീഷ് ചന്ദ്രൻ പ്രചാരണം തുടരുകയാണ്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും കയറിയിറങ്ങി. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ഒരുമാസമായി. കൊടുംവെയിലിലെ വിശ്രമില്ലാത്ത അലച്ചിൽ ദേഹത്ത് പ്രതിഫലിക്കുന്നുണ്ട്. പക്ഷെ, മനസ്സിന് തെല്ലും ക്ഷീണമില്ല. ചൊവ്വാഴ്ചത്തെ പര്യടനം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലായിരുന്നു. മൂന്നാംവട്ടമാണിവിടെ പര്യടനത്തിനിറങ്ങുന്നത്. രാവിലെ കാസർകോട് നിയമസഭാ മണ്ഡലത്തിലെ കുറെ വീടുകൾ കയറിയിറങ്ങി വ്യക്തിബന്ധം പുതുക്കി.
ഉച്ചയ്ക്ക് മൂന്നിന് പുത്തിഗെ പഞ്ചയാത്തിലെ പെർളയിൽനിന്നാണ് പൊതുപ്രചാരണം തുടങ്ങിയത്. അടുത്ത സ്വീകരണം അംഗഡിമുഗർ ഖത്തീബ് നഗറിലാണ്. പാർട്ടിയുടെ ശക്തികേന്ദ്രം. എ.കെ.ജി.യുടെയും ഇ.എം.എസിന്റെയും പ്രവർത്തനകേന്ദ്രങ്ങളിലൊന്നായ ഇവിടുത്തെ ന്യൂനപക്ഷങ്ങളിൽ പാർട്ടിക്കും മുന്നണിക്കും നിർണായക സ്വാധീനമാണ്. ബി.കെ.മുഹമ്മദ് മാസ്റ്റർ, യു.അബ്ദുൾറഹ്മാൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു ആദ്യകാല നേതാക്കൾ. മൺമറഞ്ഞ അവരുടെ ചിത്രങ്ങൾ ഖത്തീബ് നഗറിലെ പാർട്ടി ഓഫീസിൽ എ.കെ.ജി.യുടെയും ഇ.എം.എസിന്റെയും ചിത്രങ്ങൾക്കൊപ്പം തൂങ്ങുന്നു.
എടുത്തുപറയാൻ രണ്ട് ഇരുനില കെട്ടിടങ്ങൾമാത്രമുള്ള ഖത്തീബ് നഗറിൽ സ്ഥാനാർഥിയെ സ്വീകരിക്കാൻ ചെറിയൊരു തുണിപ്പന്തൽ. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ പ്രസംഗം മതിയാക്കി അടുത്ത സ്ഥലത്തേക്ക് പോകാനൊരുങ്ങുമ്പോൾ പാർലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.വി.രാജേഷ് എം.എൽ.എ. വന്നു. സർവേഫലങ്ങളുടെ നിരർഥകതയും മതനിരപേക്ഷ നിലപാടുകളുടെ പ്രസക്തിയും ഇടതുസർക്കാരിന്റെ മേൻമയും അദ്ദേഹം വിശദീകരിക്കുമ്പോൾ യോഗസ്ഥലത്തേക്ക് ഒരു കാറുവന്നു. പർദയണിഞ്ഞ ഒരുകൂട്ടം സ്ത്രീകൾ ഇറങ്ങി. കിട്ടിയ ഇടങ്ങളിലൊക്കെ അവർ ഇരിപ്പുറപ്പിച്ചപ്പോഴേക്ക് സ്ഥാനാർഥിയുടെ വരവറിയിച്ച് പൈലറ്റ് വാഹനം:
“പ്രിയമുള്ളവരെ, കല്ലുവെച്ച നുണകൾ ഹൃദയബന്ധങ്ങളെ തകർക്കുന്ന കാലമാണ് തിരഞ്ഞെടുപ്പുകാലം. നേരും നെറികേടും ഇവിടെ ഇഞ്ചോടിഞ്ച് പൊരുതുന്നു. നേരിന്റെ പക്ഷമാണ് സതീഷ് ചന്ദ്രൻ. ഹൃദയപക്ഷമാണ് ഇടതുപക്ഷം....”
സ്ഥാനാർഥിയുടെ വരവറിയിച്ച് മാലപ്പടക്കംപൊട്ടി. പാർട്ടി ഓഫീസിനുമുന്നിൽനിന്ന് ചുവപ്പ് തലപ്പാവും ചുവപ്പ് മുണ്ടും വെള്ള ഷർട്ടും ധരിച്ച ഒരുകൂട്ടം ചെറുപ്പക്കാർ ആവേശോജ്വല മുദ്രാവാക്യങ്ങളുമായി സ്ഥാനാർഥിയെ പൊതുയോഗവേദിയിലേക്ക് ആനയിച്ചു. വേഷം പതിവുപോലെ ഖദർ ഷർട്ടും മുണ്ടും. സദസ്സിലെ പ്രായമായവരുടെ അടുത്തേക്ക് നേരേ നടന്നുനീങ്ങിയ സതീഷ് ചന്ദ്രൻ എല്ലാവരുടെയും കൈപിടിച്ച് സഹായം ചോദിച്ചു. ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം. “രണ്ടോ മൂന്നോ കാര്യങ്ങളേ എനിക്ക് പറയാനുള്ളൂ. ഞാൻ ഇടത് മതേതര പക്ഷത്ത് ഉറച്ചുനിന്ന് പോരാടും. തിരഞ്ഞെടുക്കപ്പെട്ടാൽ എല്ലാവരുടെയും എം.പി.യായിരിക്കും. മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി എന്നാൽ കഴിയുന്നത് ചെയ്യും.
നായനാരുടെ പിൻഗാമിയായി പത്തുവർഷം തൃക്കരിപ്പൂരിൽ എം.എൽ.എ.യായിരുന്നു. എന്നാൽ കഴിയുന്നതൊക്കെ ചെയ്തുവെന്നാണ് വിശ്വാസം. അവിടെ രാഷ്ട്രീയംനോക്കിയിട്ടില്ല. എന്നെ കേൾക്കുന്ന യു.ഡി.എഫുകാരും ബി.ജെ.പി.ക്കാരും അവിടുത്തെ യു.ഡി.എഫുകാരോടും ബി.ജെി.പിക്കാരോടും ചോദിച്ചുനോക്കണം, ഞാൻ വികസനത്തിൽ രാഷ്ട്രീയംകലർത്തിയിട്ടുണ്ടോ എന്ന്. ന്യൂനപക്ഷങ്ങളെ ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്ന, രാജ്യത്തിന്റെ മതേതര മനസ്സ് ഇല്ലാതാക്കുന്ന ബി.ജെ.പി.ക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തെയും എന്നെയും തുണയ്ക്കണം.” കൈയടിയിൽ പ്രതിഫലിച്ചു സദസ്യരുടെ ആവേശം.
അവിടുന്ന് നേരേ പൈവളിഗെ പഞ്ചായത്തിലെ ചേരാലിലേക്കാണ്. രിഫായിയ്യ ജുമാമസ്ജിദിന്റെ മതിലിനോടുചേർന്നുള്ള ചെറിയ സ്ഥലത്താണ് സ്വീകരണം. “കാലങ്ങളായി ഇടതുമുന്നണിയോ സി.പി.എമ്മോ പൊതുയോഗം നടത്താത്ത സ്ഥലമാണിത്. ഇത്രയും ചെറുപ്പക്കാർ ഇവിടെ കൂടിയത് സതീഷ് ചന്ദ്രന്റെ സ്വീകാര്യതയ്ക്ക് തെളിവാണ്.” മഞ്ചേശ്വരം മണ്ഡലത്തിൽ പ്രചാരണത്തിന്റെ ചുക്കാൻപിടിക്കുന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി.പി.മുസ്തഫ ചൂണ്ടിക്കാട്ടി.
സ്ഥാനാർഥി എത്തുമ്പോൾ മുദ്രാവക്യംവിളിയുടെ ആവേശം. ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ച്, എല്ലാവരുടെയും കൈപിടിച്ചുകുലുക്കി, പല ഗ്രൂപ്പിനൊപ്പം സെൽഫിക്ക് നിന്നുകൊടുത്ത് അടുത്ത സ്വീകരണസ്ഥലമായ മുളിഗദ്ദേയിലേക്ക്. വിജനമായ സ്ഥലത്തുകൂടിയാണ് യാത്ര. വഴിക്ക് അപൂർവമായി കണ്ടുമുട്ടുന്നവർക്കുനേരേ കൈവീശി സ്ഥാനാർഥി കടന്നുപോകുന്നു. പൈവളിഗെയിൽ ചായകുടികഴിഞ്ഞ് ജോഡ്കല്ലിലേക്ക്. അതിനുശേഷം, അന്തരിച്ച പാർട്ടി പ്രവർത്തകൻ ലക്ഷ്മണയുടെ വീട്ടിലേക്ക്. വീണ്ടും പ്രചാരണത്തിലേക്ക്....
ഒരുനിമിഷം വിശ്രമമില്ല. ഇത്രയും ഊർജം എവിടുന്ന് എന്ന ചോദ്യത്തിന് സതീഷ് ചന്ദ്രൻ പറഞ്ഞു. “പ്രസ്ഥാനത്തിൽനിന്ന്. രാജ്യം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ആർക്കും ഈ പോരാട്ടത്തിൽ തളരാനാകില്ല.”