കാസർകോട് : നഗരസഭാ വിദ്യാഭ്യാസ കലാ കായിക സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ബി.ജെ.പി. കൗൺസിലർ കെ.രജനിക്ക്. 36-ാം വാർഡായ കടപ്പുറം സൗത്തിൽനിന്ന് വിജയിച്ച കൗൺസിലറായ ഇവർ നറുക്കെടുപ്പിലൂടെയാണ് അധ്യക്ഷസ്ഥാനത്തേക്ക് എത്തിയത്. ബി.ജെ.പി. ഈ സ്ഥാനത്തേക്ക് എത്തുന്നത് തടയാൻ നേതൃത്വം നടപടിസ്വീകരിച്ചില്ലെന്ന് ആരോപിച്ച് രണ്ട് മുസ്‌ലിം ലീഗ് കൗൺസിലർമാർ രാജിവെക്കാൻ തീരുമാനിച്ചു. 12-ാം വാർഡായ ചാലയിൽനിന്ന് വിജയിച്ച മമ്മു ചാല, 13-ാം വാർഡായ ചാലക്കുന്നിൽനിന്ന് വിജയിച്ച അസ്മ മുഹമ്മദ് എന്നിവരാണ് രാജിക്കൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് കൂടിയായ ചെയർമാൻ വി.എം.മുനീറിന് രാജി കൈമാറുമെന്ന് കൗൺസിലർമാർ അറിയിച്ചു.
ചെയർമാൻ എന്നനിലയിൽ ഇതുവരെ ഒരു അംഗങ്ങളുടെയും രാജി കൈയിൽ കിട്ടിയിട്ടില്ലെന്ന് വി.എം.മുനീർ പ്രതികരിച്ചു.
നഗരസഭയിൽ ഭരണ പ്രതിസന്ധിയോ സ്തംഭനമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രാജിവെക്കുന്നത് ഓരോ കൗൺസിലറുടെയും വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് മുമ്പ് 1995-ൽ സി.പി.എം. പിന്തുണയോടെ ബി.ജെ.പി. ഭരിച്ച സമയത്താണ് നഗരസഭയിലെ സ്ഥിരിംസമിതി അധ്യക്ഷസ്ഥാനം ബി.ജെ.പി.ക്ക് ലഭിച്ചിരുന്നത്. ഈ കാലത്ത് മുസ്‌ലിം ലീഗ് പ്രതിപക്ഷത്തായിരുന്നു.