ചെറുവത്തൂർ : സൗത്ത് ഇന്ത്യ സിനിമാ-ടെലിവിഷൻ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേളയിൽ 'സ്‌കെയർ ക്രോയ്ക്ക്' എക്‌സലന്റ് പുരസ്‌കാരം. ഉത്തര കേരളത്തിന്റെ കലാകൂട്ടായ്മയിൽ പിറന്നതാണീ ഹ്രസ്വചിത്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പല ഭാഷകളിലുള്ള 470 സിനിമകളിൽനിന്നാണ് പുരസ്കാരത്തിന് അർഹമായത്.

കോവിഡ് കാലം അടച്ചിട്ട സാധാരണക്കാരുടെ ജീവിതത്തിലെ പ്രതിസന്ധികളെ രാഘവൻ എന്ന ഗ്രാമീണകർഷകനിലൂടെ ഹൃദയസ്പർശിയായി ആവിഷ്കരിക്കുകയാണ് ചിത്രത്തിൽ. സപ്ന ക്രിയേഷൻസിന്റെ ബാനറിൽ സ്വരചന്ദ് നിർമിച്ചതാണ്‌ ഈ ഹ്രസ്വചിലച്ചിത്രം.

തിരക്കഥ, അഭിനയം എന്നിവയ്ക്ക് നിരവധി പുരസ്കാരങ്ങൾ നേരത്തെ നേടിയിട്ടുണ്ട്. നാടക-ചലച്ചിത്ര പ്രവർത്തകൻ ഒ.പി. ചന്ദ്രനാണ് രാഘവനായി വേഷമിട്ടത്. പ്രകാശൻ കരിവെള്ളൂരിന്റെതാണ് തിരക്കഥ. ശാസ്ത്രനാടകത്തിന് ദേശീയ പുരസ്കാരം നേടിയ രാജേഷ് കീഴത്തൂരാണ് സംവിധാനം. മലബാറിന്റെ തെയ്യാട്ടത്തിന്റെയും തോറ്റംപാട്ടിന്റെയും പശ്ചാത്തലത്തിലാണ് 'സ്‌കെയർ ക്രോ' ഒരു കാഴ്ചനുഭവമായി മാറുന്നത്.