കാസർകോട്

: ഫുട്‌ബോൾ ലോകത്ത് കോപ്പയുടെയും യൂറോ കപ്പിന്റെയും ആരവം മുഴങ്ങുകയാണ്. കോപ്പ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റ് നടക്കുന്ന ബ്രസീലിൽനിന്ന്‌ പതിനാലായിരത്തോളം കിലോമീറ്ററുകൾക്ക് ഇപ്പുറം ഇതേ പേരിലൊരു നാടുണ്ട്. മധൂർ പഞ്ചായത്തിലെ ഏഴ്, ചെങ്കളയിലെ 22, 23 വാർഡുകൾ ഉൾപ്പെടുന്ന 'കോപ്പ' എന്ന നാടാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളിൽ ഇടംപിടിച്ചിരിക്കുന്നത്.

കാസർകോട് നഗരത്തിൽനിന്ന്‌ ഏഴ് കിലോമീറ്റർ ദൂരെയാണ് ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ സൗന്ദര്യം വിരിയുന്ന ടൂർണമെന്റിന്റെ അതേ പേരുള്ള നാട്. മികച്ച കൊച്ചു ഫുട്‌ബോൾ കളിക്കാർക്കും കളിയാരാധകർക്കും ഒട്ടും കുറവില്ല ഈ നാട്ടിൽ.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ അണ്ടർ 18 ടീമിൽ കളിച്ച യഹിയാ തമീം, സൂപ്പർ ഡിവിഷൻ ഫുട്‌ബോളിൽ മുംബൈ എഫ്.സി.ക്കുവേണ്ടി കളിക്കുന്ന അബൂ ത്വാഹിർ എന്നിവരാണ് നാടിന്റെ അഭിമാന താരങ്ങൾ.

ഫുട്‌ബോളിലെ പ്രധാന ടൂർണമെന്റുകൾ അരങ്ങേറുമ്പോഴെല്ലാം തങ്ങളുടെ ഇഷ്ട ടീമുകൾക്ക് ആശംസയർപ്പിച്ച് താരങ്ങളുടെ ചിത്രങ്ങളടങ്ങിയ ഫ്ളെക്‌സ് ബോർഡുകളാലും ഈ നാട് നിറയാറുണ്ട്. ഇത്തവണ ലോക്ഡൗൺ അത്തരം ആഘോഷ പ്രദർശനങ്ങൾക്ക് കുറവുവരുത്തിയതോടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമായി ഓൺലൈനിൽ പോർവിളികളും വാശിയും നിറഞ്ഞ ട്രോളുകളും ഓരോ ടീമിനെയും പിന്തുണച്ചുകൊണ്ടുള്ള വീഡിയോകളും നിറയുകയാണ്.

പ്രവചന മത്സരങ്ങളും ഫുട്‌ബോൾ ക്വിസും ഓൺലൈനായി ഇവിടെ നടക്കുന്നുണ്ട്. അങ്ങനെ കോവിഡ് മഹാമാരിയിൽ നിശ്ശബ്ദമായ കായിക ലോകത്തെ ഓൺലൈനായി ആഘോഷം തീർക്കുകയാണ് വിദ്യാനഗർ കോപ്പക്കാർ.