കാഞ്ഞങ്ങാട് : ഒട്ടും ആശങ്കയില്ലാതെ, തികഞ്ഞ ആത്മവിശ്വാസത്തോടെ അരോഗ്യപ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചു. ജില്ലയിൽ ഒൻപത് കേന്ദ്രങ്ങളിലായി 323 പേർക്കാണ് കുത്തിവച്ചത്. ഒരു കേന്ദ്രത്തിൽ നൂറുപേർക്ക് കുത്തിവയ്ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീടത് ചുരുക്കിയിരുന്നു. അടുത്ത കുത്തിവെപ്പ് തിങ്കളാഴ്ച നടക്കും. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നിങ്ങനെ നാലുദിവസമാണ് ആഴ്ചയിൽ കുത്തിവയ്ക്കുക. ജില്ലാ ആസ്പത്രിയിൽ കുത്തിവെപ്പ് കേന്ദ്രം സ്ഥിരംസംവിധാനമായി നിലനിർത്തും. മറ്റു കേന്ദ്രങ്ങളിൽ അതതിടത്തെ ആരോഗ്യപ്രവർത്തകരെ മുഴുവൻ കുത്തിവയ്ക്കുന്നതുവരെ മാത്രമേ പ്രവർത്തിക്കൂ. പിന്നീടത് മറ്റിടങ്ങളിലേക്ക് മാറ്റുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.
ജില്ലയിൽ 6680 ഡോസുകളാണ് എത്തിയത്. ജില്ലാ ആസ്പത്രിയിലെ വാക്‌സിൻ സ്റ്റോറിൽനിന്നാണ് ഇത് മറ്റിടങ്ങളിലെത്തിക്കുന്നത്.
കുത്തിവെപ്പിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആസ്പത്രിയിൽ നടന്നു. നീലേശ്വരം താലൂക്ക് ആസ്പത്രി ശിശുരോഗവിദഗ്‌ധനും ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റുമായ ഡോ. വി. സുരേശനാണ് ആദ്യ ഡോസ് സ്വീകരിച്ചത്. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.ടി. മനോജ്, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ്, കോവിഡ് ചികിത്സാകേന്ദ്രം നോഡൽ ഓഫീസർ ഡോ. റിജിത് കൃഷ്ണൻ, ഹെഡ്‌നഴ്‌സ് പി.കെ. അച്ചാമ്മ എന്നിവരും വാക്‌സിനേഷൻ സ്വീകരിച്ചു. എം. രാജഗോപാലൻ എം.എൽ.എ., കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത എന്നിവർ ജില്ലാ ആസ്പത്രിയിലെത്തി. പേരും വയസ്സും മറ്റു വിവരങ്ങളും അടുത്തതവണ ഡോസ് എടുക്കേണ്ട തീയതിയും എഴുതിയ ഒരു കാർഡ് ഓരോ ആരോഗ്യപ്രവർത്തകർക്കും എഴുതിനൽകി. ജില്ലാ ആസ്പത്രിയിൽ ഹൊസ്ദുർഗ് അഡീഷണൽ എസ്.ഐ. വി. മാധവന്റെ നേതൃത്വത്തിൽ പോലീസുകാരാണ് കാർഡ് എഴുതിക്കൊടുത്തത്.
ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിൽ ഡോ. എം.ബി. ആദർശ്, നീലേശ്വരം താലൂക്ക് ആസ്പത്രിയിൽ സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ്, പൂടംകല്ല് താലൂക്ക് ആസ്പത്രിയിൽ സൂപ്രണ്ട് ഡോ. സി. സുകു, മംഗൽപ്പാടി താലൂക്ക് ആസ്പത്രിയിൽ സ്റ്റാഫ് നഴ്‌സ് ബി.വി. സൗമ്യ, ബേഡഡുക്ക താലൂക്ക് ആസ്പത്രിയിൽ ഡോ. അഭിഷേക് ചന്ദ്രൻ, പെരിയ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ. രാജ്‌മോഹൻ, എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ ആശാപ്രവർത്തക ദിജി എന്നിവർ ആദ്യ ഡോസുകൾ സ്വീകരിച്ചു. നീലേശ്വരം താലൂക്ക് ആസ്പത്രിയിൽ നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ്റാഫി, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ടി.പി. ലത, വാർഡ് കൗൺസിലർ വി.വി. ശ്രീജ തുടങ്ങിവർ സന്നിഹിതരായിരുന്നു.