തൃക്കരിപ്പൂർ : വലിയപറമ്പ് പഞ്ചായത്തിലെ തീരഭാഗത്ത് ശക്തമായ കടലേറ്റം. നാട്ടുകാർ ഭീതിയിൽ. രാമന്തളി കടപ്പുറംമുതൽ മാവിലാക്കപ്പുറം പുലിമുട്ടുവരെ രൂക്ഷമായ കടലേറ്റമാണ്. വീതികുറഞ്ഞ പ്രദേശങ്ങളിൽ കടൽവെള്ളം ഒഴുകി കായലിലേക്കെത്തി. കന്നുവീട് കടപ്പുറം, വലിയപറമ്പ്, പടന്ന കടപ്പുറം, മാവിലാകടപ്പുറം പുലിമുട്ട് എന്നിവടങ്ങളിൽ രൂക്ഷമായ കടലേറ്റമുണ്ട്. കന്നുവീട് കടപ്പുറം ഉദിനൂർ കടപ്പുറം ഭാഗത്ത് കഴിഞ്ഞവർഷം നാശമുണ്ടായ അതേ ഭാഗത്താണ് ഇത്തവണയും കടലേറ്റമുണ്ടായത്. നിരവധി വീടുകൾ ഭീഷണിയിലായി. വീടുകളിലേക്ക് തിരമാലകൾ ഇരച്ചെത്തിയതോടെ വീട്ടിനുമുന്നിലുണ്ടായിരുന്ന വീട്ടുസാധനങ്ങളും വിറകുകളും ഒഴുകിപ്പോയി. കൂട്ടിയിട്ട തേങ്ങകൾ ഒഴുകിപ്പോകുന്നത് തടയാൻ വീട്ടുകാർ ഏറെ പണിപ്പെട്ടു. കടലേറ്റ ഭീഷണി നേരിടുന്ന 35 ഓളം കുടുംബങ്ങളെ റവന്യൂ അധികൃതർ ബന്ധുവീടുകളിലേക്ക് മാറ്റി. തീരപ്രദേശത്തെ ഫുട്ബോൾ ഗ്രൗണ്ടുകൾ തിരമാലകൾ കൊണ്ടുപോയി. വലിയപറമ്പ് ഭാഗത്തെ ബീച്ചുകളിലെ മണൽത്തിട്ടകൾ കടലെടുത്തു. സഞ്ചാരികൾക്ക് ഒരുക്കിയ ഇരിപ്പിടസൗകര്യങ്ങൾ നശിച്ചു.

വലിയപറമ്പിലെ ബീച്ച് പാർക്കും ടെന്റുകളും നശിച്ചു. വലിയപറമ്പ്‌ വില്ലേജ് ഓഫീസിന് പടിഞ്ഞാറുഭാഗത്ത് മെയിൻ റോഡ് വരെ കടൽവെള്ളം പരന്നൊഴുകി പുലിമുട്ട് ഭാഗത്ത് തിരമാലകൾ വളരെ ഉയർന്നുവന്നത് ഭീതിപരത്തി. കടൽക്ഷോഭമുണ്ടായ പ്രദേശങ്ങൾ എം.രാജഗോപാലൻ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ, സ്ഥിരംസമിതി അധ്യക്ഷൻ ഖാദർ പാണ്ട്യാല, ഹോസ്ദുർഗ് തഹസിൽദാർ പി.പ്രേംരാജ്, ഡെപ്യൂട്ടി തഹസിൽദാർ വിനോദ് കുമാർ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ടി.പി.പ്രേമരാജൻ, വില്ലേജ് ഓഫീസർ ടി.വി.സന്തോഷ്‌കുമാർ എന്നിവർ സന്ദർശിച്ചു

ഡോൾഫിൻ കുഞ്ഞുങ്ങൾ കരയ്ക്കടിഞ്ഞു

കാഞ്ഞങ്ങാട് : കടലേറ്റത്തിൽ തിരമാലകൾക്കൊപ്പം ഡോൾഫിൻ രണ്ട് കുഞ്ഞുങ്ങളും കരയിലടിഞ്ഞു.

ഒരുകുഞ്ഞ് ജീവനില്ലാതെയാണ് കരയ്ക്കടിഞ്ഞത്. അജാനൂർ കടപ്പുറത്ത് ജീവനോടെ കണ്ടെത്തിയ കുഞ്ഞിനെ മത്സ്യത്തൊഴിലാളിയായ മഹേഷും രാജേഷും ചേർന്ന് വീണ്ടും സുരക്ഷിതമായി കടലിലേക്ക് ഒഴുക്കിവിട്ടു.

മീനാപ്പീസ് കടപ്പുറത്ത് കണ്ടെത്തിയ ഡോൾഫിൻ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല.

അടുത്ത കാലത്തൊന്നും ഇത്തരം സംഭവമുണ്ടായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.