തൃക്കരിപ്പൂർ : ശക്തമായ കടലേറ്റത്തെ തുടർന്ന് വലിയപറമ്പിലെ മണൽത്തിട്ടകൾ ഇല്ലാതാവുന്നു. കടലിനും കവ്വായിക്കായലിനും ഇടയിൽ സ്ഥിതിചെയ്യുന്ന മണൽത്തിട്ടയാണ് വലിയപറമ്പിനെ സംരക്ഷിച്ചുനിർത്തുന്നത്.

വീതി കൂടുതലുള്ള വലിയപറമ്പിന്റെ വടക്കൻ മേഖലയ്ക്ക് ശുദ്ധജലം ലഭ്യമാവുന്നതും ഈ മണൽത്തിട്ടയുള്ളതിനാലാണ്.

എന്നാൽ നിരന്തരമുണ്ടാവുന്ന കടലേറ്റം തീരപ്രദേശത്തെ മണൽത്തിട്ട നശിക്കാനും തീരത്തെ തെങ്ങുകളും മരങ്ങളും കടപുഴകാനും ഇടയാക്കി.

കഴിഞ്ഞ വർഷം മുതലാണ് കടൽവെള്ളം കരകവിഞ്ഞ് കായലിലേക്ക് എത്തിത്തുടങ്ങിയത്. വലിയപറമ്പിന്റെ വടക്കൻ മേഖലയിൽ 2013-ൽ പുലിമുട്ട് നിർമിച്ചത് മേഖലയ്ക്ക് ആശ്വാസമായിരുന്നു.

വലിയപറമ്പിന്റെ തെക്കൻമേഖലയിലും പുലിമുട്ട് നിർമിച്ചാൽ കടലേറ്റത്തിന് പരിഹാരമുണ്ടാകും.

കന്നുവീട് കടപ്പുറത്ത് രണ്ടുകിലോമീറ്റർ നീളത്തിൽ പുലിമുട്ട്‌ നിർമിച്ചാൽ കടലേറ്റം ഒരു പരിധിവരെ ഇല്ലാതാക്കാൻ കഴിയുമെന്ന് കെ.പി.സി.സി. നിർവാഹകസമിതി അംഗം കെ.വി. ഗംഗാധരൻ പറഞ്ഞു.

ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി അദ്ദേഹം അറിയിച്ചു.