നീലേശ്വരം : മടിക്കൈ പഞ്ചായത്തിലെ കണിച്ചിറ ചാലിലെ തടയണയുടെ ഷട്ടർ കനത്ത മഴയിലും തുറക്കാൻ സാധിക്കാത്തത് വാഴ കർഷകരെ ആശങ്കയിലാഴ്ത്തി.

കണിച്ചിറ, കീക്കാംകോട്ട്, ആലയി, അളകുളംവയൽ തുടങ്ങിയ പ്രദേശങ്ങളിൽ വാഴ കൃഷിചെയ്ത കർഷകരാണ് ഭീതിയിലായത്. ഇവിടങ്ങിൽ പത്തായിരത്തിലധികം വാഴയാണ് കുല കൊത്താൻ പാകത്തിന് നിൽക്കുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ചുഴലിക്കാറ്റും മഴയും പ്രവചിച്ചതിനെ തുടർന്ന് കേരളത്തിലുടനീളം വലിയ മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയിരുന്നത്. ജില്ലയിൽ റെഡ് അലർട്ട് ഉൾപ്പടെ പ്രഖ്യാപിച്ചതാണ്. എന്നിട്ടും മൈനർ ഇറിഗേഷൻ അധികൃതർ തടയണയുടെ ഷട്ടർ മുൻകൂട്ടി തുറന്നുവിടാതിരുന്നതിൽ ശക്തമായ പ്രതിഷേധത്തിലാണ് കർഷകർ. കൃഷി നശിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഇവർക്കാണെന്നും കർഷകർ കുറ്റപ്പെടുത്തി. ഷട്ടർ ഉയർത്താൻ മൈനർ ഇറിഗേഷനോട് ആവശ്യപ്പെട്ടതായും അവർ ഉയർത്താൻ ശ്രമിച്ചിട്ട് സാധിക്കാത്തതാണെന്ന് മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത പറഞ്ഞു. എന്നാൽ വാഴ കർഷകരെ കൈവിടില്ലെന്നും ഞായറാഴ്ച രാവിലെയോടെ ഷട്ടർ ഉയർത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

ചാലിന്റെ മുകളിലെ പ്രദേശത്തെ തടയണ ആദ്യം തുറന്നിരുന്നതായും ഈ വെള്ളമൊക്കെ ഒഴുകിയെത്തിയതിനാലാണ് കണിച്ചിറയിലെ ഷട്ടർ തുറക്കാൻ സാധിക്കാതായതെന്നും മൈനർ ഇറിഗേഷൻ അസി. എൻജിനീയർ സനൽ പറഞ്ഞു. ഞായറാഴ്ച നേരിട്ടെത്തി ഷട്ടർ തുറക്കാൻ നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.