കാസർകോട്

: കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാത കരാർ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറിയെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി.). റോഡിൽ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ പരിഹരിക്കാത്തതിനാൽ ഏറ്റെടുക്കാനാകില്ലെന്ന നിലപാടിൽ പൊതുമരാമത്ത് വകുപ്പ്. ജില്ലയുടെ ജീവനാഡിയായ റോഡാണ് അറ്റകുറ്റപ്പണി പോലും തടസ്സപ്പെട്ട് അനാഥമായി കിടക്കുന്നത്. ചീഫ് എൻജിനീയറുടെ തീരുമാനത്തിനനുസരിച്ചായിരിക്കും റോഡിന്റെ ഭാവി.

കരാർ അനുസരിച്ച് പദ്ധതി പൂർത്തിയാക്കി 2021 മാർച്ച് നാലിന് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയെന്നാണ് കെ.എസ്.ടി.പി. അധികൃതർ പറയുന്നത്. കൈമാറ്റത്തിന് മുന്നോടിയായി ജനുവരിയിൽ റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നെന്നും അവർ അവകാശപ്പെടുന്നു.

എന്നാൽ, റോഡ് ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പ് മറുപടി അയച്ചുമില്ല. റോഡിൽ നേരത്തേ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെല്ലാം അതേനിലയിൽ തുടരുകയാണെന്നും അത് പരിഹരിക്കാതെ ഏറ്റെടുക്കാനാകില്ലെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി. പുലിക്കുന്നിന് സമീപം റോഡിലുണ്ടാകുന്ന പൊട്ടൽ, പുതിയ ചന്ദ്രഗിരിപ്പാലത്തിനിരുവശത്തുമുള്ള ഇടിച്ചിൽ, വെള്ളക്കെട്ട് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ കെ.എസ്.ടി.പി. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു.

2013 ജൂൺ ഒന്നിനാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി റോഡ് നിർമാണം ഉദ്ഘാടനം ചെയ്തത്. 133 കോടി രൂപയാണ് ചെലവിൽ രണ്ടുവർഷം കൊണ്ട് 27.75 കിലോമീറ്റർ റോഡ് നവീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും പണി പൂർത്തിയാക്കാൻ ആറുകൊല്ലം വേണ്ടിവന്നു. 2019 ഫെബ്രുവരി 22-ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് ഉദ്ഘാടനം ചെയ്തത്.

അറ്റകുറ്റപ്പണിക്ക് ഒരുവർഷത്തെ കരാർ മാത്രം!

: ചെറിയ റോഡുകൾക്കുപോലും മൂന്നും അഞ്ചും വർഷത്തെ അറ്റകുറ്റപ്പണി കരാറുകാരന്റെ ബാധ്യതയുണ്ടാകാറുണ്ടെങ്കിലും (ഡിഫക്ടസ് ലയബിലിറ്റി പിരിയഡ്-ഡി.എൽ.പി.) കോടികൾ മുടക്കിയ കെ.എസ്.ടി.പി. റോഡിന് അത് ഒരുവർഷം മാത്രമാണ്. 2014-ൽ നിർമാണം തുടങ്ങിയ ഭാഗങ്ങളിൽ പലയിടത്തും റോഡ് ഇടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. കൈമാറ്റത്തിന് മുന്നോടിയായി നടത്തിയ അറ്റകുറ്റപ്പണിയിൽ മേൽപ്പാളിയിൽ ടാർ പൂശുക മാത്രമാണ് ചെയ്തത്. പുതിയ ചന്ദ്രഗിരിപ്പാലത്തിനിരുവശവും റോഡമർന്ന് വെള്ളം കെട്ടിനിൽക്കുകയാണ്. ബേക്കൽ, കളനാട്, മേൽപ്പറമ്പ്, ചാമുണ്ഡിക്കുന്ന്, മാണിക്കോത്ത്, ആലാമിപ്പള്ളി തുടങ്ങിയ പലയിടത്തും റോഡിൽ വെള്ളക്കെട്ടും ഉണ്ടാകുന്നുണ്ട്.

ദേശീയപാത വഴി ഓടിയിരുന്ന ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങൾ ഇപ്പോൾ കെ.എസ്.ടി.പി. റോഡ് വഴിയാണ് പോകുന്നത്. വാഹനങ്ങളുടെ എണ്ണം കൂടിയതും റോഡിന്റെ സ്ഥിരതയെ ബാധിക്കുന്നുണ്ട്. ഏറ്റെടുത്തു കഴിഞ്ഞാൽ ഉടൻ കോടിക്കണക്കിന് രൂപ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് പൊതുമരാമത്ത് വകുപ്പ് റോഡിനോട് മുഖം തിരിഞ്ഞിരിക്കാൻ കാരണം.

കണ്ണ്‌ തുറക്കാത്ത തെരുവുവിളക്കുകൾ

: ആറുമാസം കൂടുമ്പോൾ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചില്ലെങ്കിൽ സൗരോർജമുപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന തെരുവുവിളക്കുകൾ കണ്ണടയ്ക്കുമെന്ന് കെ.എസ്.ടി.പി. അധികൃതർ തന്നെ പറയുന്നുണ്ട്. കരാർ നിലവിലുണ്ടായിരുന്ന കാലത്ത് വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തിയിരുന്നെന്നും ഇപ്പോൾ അതിന് നിർവാഹമില്ലെന്നുമാണ് അവരുടെ വാദം. പലയിടത്തും ബാറ്ററിയും പാനലും കാണാതായിട്ടുണ്ടെന്നും അത് നന്നാക്കുന്നതിന് പദ്ധതി തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.

അപകട മുന്നറിയിപ്പിനായി സ്ഥാപിച്ച സിഗ്നൽ വിളക്കുകളും പലയിടത്തും കാലുമാത്രമായി നിൽക്കുകയാണ്.