മംഗളൂരു : കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് മംഗളൂരു വിമാനത്താവളത്തിലേക്ക് എത്താനുള്ള പ്രധാനപാതയിലെ മറവൂർ പാലത്തിന്റെ തൂണുകൾ ശക്തമായ മഴയിൽ തകർന്ന് ഗതാഗതം മുടങ്ങി. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് മംഗളൂരു-ബജ്‌പെ റൂട്ടിൽ ഗുരുപുരെ പുഴക്ക് കുറുകെയുള്ള പാലത്തിന്റെ തൂണുകൾ തകർന്നത്.

പാലത്തിന്റെ രണ്ട് തൂണുകൾ തകർന്ന് ഒന്നാം സ്പാൻ ഭാഗം മൂന്നടിയോളം താഴ്ന്നിട്ടുണ്ട്. ഈ ഭാഗത്തെ കൈവരികളും തകർന്നു. ഇതോടെ പാലത്തിലൂടെയുള്ള കാൽനടയാത്രയും നിരോധിച്ചു. മംഗളൂരു വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് മംഗളൂരു വിമാനത്താവളത്തിലേക്ക് വരുന്നവർ മംഗളൂരു നന്ദൂർ ജങ്‌ഷനിൽനിന്ന് വാമഞ്ചൂർ-ഗുരുപുരെ-കൈക്കമ്പ-ബജ്‌പെ റൂട്ടുവഴിയും ഉഡുപ്പി ഭാഗത്തുനിന്നുവരുന്നവർ മുൾക്കി-കിന്നിഗോളി-കട്ടീൽ-ബജ്‌പെ വഴിയും വരണമെന്ന് സ്ഥലം സന്ദർശിച്ച മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ എൻ. ശശികുമാർ അറിയിച്ചു. ഗുരുപുരെ പുഴയിലെ മണൽക്കൊള്ളയാണ് പാലം തകരാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.