കാസർകോട് :കവയിത്രി സുഗതകുമാരി പയസ്വിനിയെന്ന് പേരുചൊല്ലിവിളിച്ച് മൂർദാവിൽ തലോടിവളർത്തിയ കാസർകോട്ടെ മാവിൻതൈ വളർന്നൊരു മരമായി. നെഞ്ചിൽ നാൽപ്പത്തിയഞ്ചെന്ന എഴുത്തുമായി ദേശീയപാതയ്ക്കായി മുറിക്കേണ്ടവയുടെ കൂട്ടത്തിൽ ഊഴം കാത്തിരിക്കുകയാണ് ഇന്ന്‌ പയസ്വിനി. 16 വർഷം നിന്നയിടത്തിന് വരുന്ന മാറ്റം മാവ് തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. പക്ഷേ, മാവിന് പൂക്കാതിരിക്കാനായില്ല; പൂത്തൂ. ഒറ്റയായി വിരിഞ്ഞ കണ്ണിമാങ്ങ മാവിൽ തെളിയുന്നു. ചില്ലകൾക്ക്‌ മുകളിലെ കൂട്ടിൽ അമ്മക്കിളിയും കുഞ്ഞുങ്ങളും മാവിനൊപ്പം വളരുന്നു.

2006-ൽ സുഗതകുമാരിയുടെ കാസർകോട് സന്ദർശനസമയമാണ് മാവിൻതൈ നടുന്നത്. ഡിസംബർ മൂന്നിന് ജില്ലാപഞ്ചായത്തും എൻമകജെ പഞ്ചായത്തും എൻഡോസൾഫാനും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തിൽ നടത്തിയ ഏകദിനസെമിനാറിൽ പങ്കെടുക്കാനാണ് കവയിത്രി ജില്ലയിലെത്തിയത്. പെർള നളന്ദ കോളേജിലെ പരിപാടി കഴിഞ്ഞ് നേരെ കാസർകോട്ടേക്ക്. കാസർകോട് പീപ്പിൾസ്‌ഫോറം നടത്തിയ തണൽമരസംരക്ഷണ സന്ദേശകൂട്ടായ്മയിൽ സുഗതകുമാരി സംസാരിച്ചു. ശേഷം കാസർകോടിനോടുള്ള ഓർമപ്പെടുത്തലായി പുതിയ ബസ്‌സ്റ്റാൻഡിലെ ഒപ്പുമരച്ചുവട്ടിന് സമീപം നേരത്തേ ഒരുക്കിയ കുഴിയിലേക്ക് തൈ നട്ടു. അതിനുശേഷം നാട്ടിലെ പുഴയുടെ പേര് ചോദിച്ചു. തൈയെ ‘പയസ്വിനി’യെന്ന് മൂന്നുതവണ പേരുചൊല്ലി വിളിച്ചു. ശേഷം മരത്തിന് സ്തുതിയെന്ന കവിതയും ചൊല്ലിയാണ് കവയിത്രി അന്ന് പരിപാടി അവസാനിപ്പിച്ചത്.

തൈയായിരുന്നവൾ മരമായി, തണലായി, മധുരമായി. കാലങ്ങളോളം നഗരത്തിലെ ഓട്ടോ, ടാക്സി തൊഴിലാളികളാണ് വെള്ളമൊഴിച്ച് മാവിനെ സംരക്ഷിച്ചത്. മാവ് ആദ്യം പൂത്തപ്പോൾ ഫോട്ടോ കവയിത്രിക്ക് അയച്ചുകൊടുത്തിരുന്നു. കവയിത്രിക്ക് പിന്നാലെ അവരുടെ ജില്ലയിലെ സാന്നിധ്യവും ഓർമയാകാമെന്ന അവസ്ഥയിലാണ്.

കൊല്ലിനിട്ട കുരുക്ക് പോലെ

:കയറിട്ട് മുറുക്കുന്നത് പോലെയാണ് മാവിന്റെ സംരക്ഷണ കമ്പിക്കൂട് ഇന്നുള്ളത്. മാവിന്റെ ചുവട്ടിൽനിന്ന് വളരുന്ന പ്ലാവിൻതൈയുടെ ശിഖരങ്ങൾ കമ്പിക്കൂടിൽ തങ്ങിയാണ് വളരുന്നത്. മാവിന്റെ ഒരുഭാഗവും കമ്പിക്കൂട്ടിൽ തങ്ങിനിൽക്കുന്നുണ്ട്. തുരുമ്പെടുത്ത കമ്പിക്കൂട് എടുത്തുമാറ്റി മരത്തിന് വളരാനൊത്ത സാഹചര്യമൊരുക്കലും അത്യാവശ്യമാണ്.