പടന്ന : ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹേ എന്നൊക്കെ പറയുമെങ്കിലും പലർക്കും ഹിന്ദി ഇപ്പോഴും ഒരു കീറാമുട്ടിയാണ്. ആ ഹിന്ദിഭാഷയെ വരുതിയിലാക്കാൻ ഒരുങ്ങുകയാണ് ഉദിനൂർ എ.യു.പി. സ്കൂളിലെ കുട്ടികൾ.

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ഒരുക്കുന്ന ഹിന്ദിഭാഷാ പഠന-പരിപോഷണ പദ്ധതിയായ ‘സുരീലി ഹിന്ദി’യിലൂടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും കളികളിലൂടെയും വൈവിധ്യമാർന്ന പരിപാടികളിലൂടെയും ഹിന്ദി അനായാസമായി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവരാക്കി മാറ്റാനുള്ള യജ്ഞത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്

. ഹിന്ദിദിനാചരണത്തിൽ പദ്ധതിയുടെ ഭാഗമായി ആദ്യം വിദ്യാർഥികൾക്കും പിന്നീട് ഘട്ടംഘട്ടമായി താത്‌പര്യമുള്ള രക്ഷിതാക്കളിലേക്കും പൊതുജനങ്ങളിലേക്കും പദ്ധതി വിപുലീകരിക്കും.

ഹിന്ദിഭാഷാ പഠന-പരിപോഷണ പരിപാടിയിലും പാഠ്യ-പാഠ്യേതര മേഖലകളിലും മികവ്‌ പ്രകടിപ്പിക്കുന്ന വിദ്യാർഥികൾക്ക് പ്രമുഖ ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിന്റെ പേരിൽ പുരസ്കാരവും നൽകും

ഓൺലൈനിൽ നടന്ന ഹിന്ദിദിനാചരണ പരിപാടിയിൽ ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി.സനൽഷാ വിദ്യാലയത്തിലെ ചമക് ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും പ്രേംചന്ദ് പുരസ്കാരപ്രഖ്യാപനവും നടത്തി.

പ്രഥമാധ്യാപകൻ ഇ.പി.വത്സരാജൻ അധ്യക്ഷനായി. സംസ്ഥാന ഹിന്ദി റിസോഴ്സ് പേഴ്സൺ ജി.കെ.ഗിരീഷ് ഹിന്ദിദിവസ് സന്ദേശം നൽകി. ഹിന്ദി അധ്യാപിക എം.പി.ലാജുമോൾ കർമപരിപാടികൾ വിശദീകരിച്ചു. സീനിയർ അസിസ്റ്റന്റ് വി.ആശാലത, സ്റ്റാഫ് സെക്രട്ടറി കെ.വി.സുദീപ്കുമാർ, എസ്.ആർ.ജി. കൺവീനർ കെ.സെൽമത്ത്, അധ്യാപകരായ എം.ശോഭ, കെ.റുബൈദ, ഇ.പി.പ്രിയ എന്നിവർ സംസാരിച്ചു.

ദിനാചരണഭാഗമായി ഓൺലൈൻ ഭാഷാ അസംബ്ലി, കൈയെഴുത്ത്, പോസ്റ്റർരചന, ഹിന്ദി ആൽബം, ക്വിസ് മത്സരം തുടങ്ങിയവയ്ക്ക് ഇ.പി.അനുഗ്രഹ, ഫാത്തിമത്ത് നബീല, ടി.കെ.ഷബീഹ, ടി.കെ.മർജാന, അജ്മൽ, പി.മുഹമ്മദ് ഫർഹാൻ എന്നിവർ നേതൃത്വം നൽകി.